‘ആടുജീവിതം മലയാള സിനിമയുടെ നാഴികക്കല്ല്’; നജീബിനെ വീട്ടിലെത്തി കണ്ട് രമേശ് ചെന്നിത്തല്ല

0

ആടുജീവിതം മലയാള സിനിമയുടെ നാഴികക്കല്ലുകളിൽ ഒന്നാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭാര്യയ്ക്കൊപ്പമാണ് അദ്ദേഹം സിനിമ കാണാൻ എത്തിയത്. ബെന്യാമിൻ്റെ ജീവസുറ്റ അക്ഷരങ്ങൾക്ക് ബ്ലസി ഒരുക്കിയ കരുത്തുറ്റ രംഗഭാഷ പൃഥിരാജ് സ്ക്രീനിൽ ജീവിച്ചു തീർത്തപ്പോൾ കണ്ടിരിക്കുന്നവരുടെ ഹൃദയത്തിൽ കാരമുള്ള് കൊണ്ട് കീറിയ ഒരു നോവുണ്ടാകും എന്നാണ് അദ്ദേഹം കുറിച്ചത്.

സ്വപ്നങ്ങളുമായി വിമാനം കയറി ജീവിതത്തിൻ്റെ കത്തുന്ന ചിതയിലൂടെ നടന്നു തീരുന്ന ലക്ഷക്കണക്കിന് പ്രവാസികളുണ്ട്. ഹരിപ്പാട് സ്വദേശിയായ നജീബിൻ്റെ കഥ അതിൻ്റെ അത്യപാരതകളിലൊന്നാണ്. ബെന്യാമിൻ്റെ ജീവസുറ്റ അക്ഷരങ്ങൾക്ക് ബ്ലസി ഒരുക്കിയ കരുത്തുറ്റ രംഗഭാഷ പൃഥിരാജ് സ്ക്രീനിൽ ജീവിച്ചു തീർത്തപ്പോൾ കണ്ടിരിക്കുന്നവരുടെ ഹൃദയത്തിൽ കാരമുള്ള് കൊണ്ട് കീറിയ ഒരു നോവുണ്ടാകും.ആടുജീവിതം കണ്ടു. മലയാള സിനിമയുടെ നാഴിക കല്ലുകളിൽ ഒന്നാണ് എന്ന് നിസംശയം പറയാം! പകരം വെക്കാൻ വാക്കുകളില്ല !- രമേശ് ചെന്നിത്തല പറഞ്ഞു.

സിനിമ കണ്ടിറങ്ങിയതിന് പിന്നാലെ അദ്ദേഹം യഥാർത്ഥ നജീബിനെ ആറാട്ടുപുഴയിലെ വീട്ടിലെത്തി കണ്ടു. നജീബിനൊപ്പമുള്ള വിഡിയോയും രമേശ് ചെന്നിത്തല പങ്കുവച്ചു.അടിമജീവിതത്തിന്റെ നുകംപേറി മണലാരണ്യത്തില്‍ കരിഞ്ഞുണങ്ങിയ അനേകരുടെ ജീവിതത്തിന്റെ പ്രതീകമാണ് നജീബ്. ജീവിതത്തിന്റെ ഒരു നല്ലകാലം പ്രതീക്ഷയറ്റ് മരുപ്പച്ചകള്‍ പോലുമില്ലാതെ അടിഞ്ഞുപോയ ഒരു മനുഷ്യന്‍. എന്റെ മണ്ഡലമായ ഹരിപ്പാട്ടെ ആറാട്ടുപുഴ സ്വദേശിയായ നജീബിന്റെ കഥയാണ് ആടുജീവിതം. ആദ്യം നോവലായും പിന്നെ സിനിമയായും മലയാളി ജീവിതങ്ങളെ ഞെട്ടിച്ച ആ ജീവിതത്തിന്റെ ഉടമ. ഇന്ന് അദ്ദേഹത്തെ വീട്ടിലെത്തി കണ്ടു. സിനിമയെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ സംസാരിച്ചു. ഓരോ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുമ്പോഴും നജീബ് പലവട്ടം കണ്ണു തുടച്ചു. കണ്ഠമിടറി. കാരണം അയാള്‍ പറയുന്ന ഓരോ വാക്കും അയാളുടെ ജീവിതമാണ്. കെട്ടുകഥകളെ പോലും തോല്‍പിച്ചു കളയുന്ന ജീവിതം. ബെന്യാമിന്റെ അക്ഷരങ്ങളിലൂടെ നജീബിനെ വായിച്ചെടുത്തവരൊക്കെയും സ്വന്തം ജീവിതത്തോടു നന്ദി പറഞ്ഞിട്ടുണ്ടാകണം. അതെന്തുകൊണ്ടാണെന്നത് എനിക്കുമിന്നു മനസിലാകുന്നുണ്ട്.

പക്ഷേ ഒരു കാര്യം ബോധ്യപ്പെടാതെ വയ്യ. നജീബ് ദൈന്യമാര്‍ന്ന ജീവിതത്തിന്റെ പ്രതീകം മാത്രമല്ല. മറിച്ച് അവസാനിക്കാത്ത പ്രതീക്ഷയുടെ മരുപ്പച്ചകളാണ്. അതിജീവിക്കും എന്നതിന്റെ ഉറച്ച വിശ്വാസമാണ്. പ്രിയ നജീബ് താങ്കള്‍ ഞങ്ങള്‍ക്ക് അവസാനിക്കാത്ത ഒരു പാഠപുസ്തകമാണ്.

നജീബിനെ കണ്ടിറങ്ങുമ്പോള്‍ ആംഗലേയ കവി ഷെല്ലിയുടെ വരികളോര്‍ത്തു. ‘If winter comes, can spring be far behind?’ മലയാളത്തില്‍ പ്രിയ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി അതിനെ മറ്റൊരു തരത്തില്‍ മൊഴിമാറ്റിയിട്ടുണ്ട്. ‘കത്തിയെരിയുമീ ഗ്രീഷ്മത്തിനപ്പുറം പൂക്കാലമുണ്ടായിരിക്കാം..’ ഇന്ന് ഇന്ത്യ കടന്നു പോകുന്ന, കേരളം കടന്നു പോകുന്ന ഈ ദുരിതകാലങ്ങള്‍ക്കപ്പുറം പ്രതീക്ഷകളുടെ അവസാനിക്കാത്ത വസന്തം കാത്തിരിപ്പുണ്ട്. ആ പ്രതീക്ഷകള്‍ നമ്മെ മുന്നോട്ടു നയിക്കട്ടെ.- എന്ന കുറിപ്പിലായിരുന്നു വിഡിയോ.

LEAVE A REPLY

Please enter your comment!
Please enter your name here