‘ഞാന്‍ നിരപരാധി, ഒരു പൈസയും വാങ്ങിയിട്ടില്ല’; വിധി കര്‍ത്താവിന്റെ മരണം; കലോത്സവ കോഴക്കേസ് പുതിയ വഴിത്തിരിവില്‍

0

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തില്‍ ആരോപണ വിധേയനായ വിധികര്‍ത്താവ് ജീവനൊടുക്കി. ആരോപണ വിധേയനായ വിധികര്‍ത്താവ് പിഎന്‍ ഷാജിയെ കണ്ണൂരിലെ വീട്ടിലാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ കോഴ വിവാദം പുതിയ വഴിത്തിരിവിലെത്തി.

പൊലീസ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് ആരോപണ വിധേയനായ ഷാജിയുടെ മരണം. താന്‍ പണം വാങ്ങിയിട്ടില്ലെന്നും നിരപരാധിയാണെന്നും വ്യക്തമാക്കിക്കൊണ്ടുള്ള ഷാജിയുടെ ആത്മഹത്യാക്കുറിപ്പും പൊലീസിന് ലഭിച്ചു. കേസിലെ ഒന്നാം പ്രതിയാണ് പി എന്‍ ഷാജി.ഷാജി അടക്കമുള്ളവരോട് ചോദ്യം ചെയ്യലിന് കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. കേസിലെ മറ്റ് പ്രതികളായ രണ്ട് നൃത്തപരിശീലകരും ഒരു സഹായിയും ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും.കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ അവസാനിച്ച മാര്‍ഗംകളി മത്സരത്തിലെ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് കോഴ ആരോപണം ഉയര്‍ന്നത്. വിധികര്‍ത്താവിന്റെ മരണത്തിന് എസ്എഫ്‌ഐ ആണ് ഉത്തരവാദി എന്നാരോപിച്ച് എബിവിപി രംഗത്തെത്തിയിട്ടുണ്ട്. ഷാജിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. തുടര്‍ന്ന് പയ്യാമ്പലത്ത് സംസ്‌കരിക്കും.

Leave a Reply