വര്‍ക്കലയില്‍ ദളിത് യുവാവിന് പൊലീസിന്റെ ക്രൂരമർദ്ദനം; പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസ്

0

തിരുവനന്തപുരം: വർക്കലയിൽ പൊലീസ് ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ചു. വർക്കല പുന്നമൂട് സ്വദേശി രഞ്ജിത്തി(30)നാണ് മർദ്ദനമേറ്റത്. കഴിഞ്ഞ എട്ടാം തീയതി രാത്രിയിൽ ഭാര്യയുടെയും കുട്ടികളുടെയും മുന്നിൽവച്ചാണ് പൊലീസ് ലാത്തി ഉപയോഗിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. പൊലീസിന്റെ ക്രൂരമർദ്ദനത്തിൽ രഞ്ജിത്തിന്റെ തലയ്ക്കും കണ്ണിനുമാണ് പരിക്കേറ്റിട്ടുള്ളത്.

പുന്നമൂട് ഇടപ്പറമ്പിൽ ക്ഷേത്രത്തിൽ ഉത്സവത്തിന് രാത്രി എട്ടുമണിക്ക് കുടുംബത്തോടൊപ്പം എത്തിയതായിരുന്നു രഞ്ജിത്ത്. ഇതേസമയം, ക്ഷേത്ര പരിസരത്ത് കിടുക്കുകളി നടക്കുന്ന സ്ഥലത്ത് സംഘർഷം നടക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടർന്ന് വർക്കല അഡീഷണൽ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. കളി കാണാൻ എത്തിയ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായി എന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. അതുകൊണ്ടുതന്നെ കളി നടന്നിരുന്ന സ്ഥലത്ത് കൂട്ടംകൂടി നിന്നിരുന്നവരെയൊക്കെ പോലീസ് ലാത്തി വീശി ഓടിച്ചു. ഇതിനിടെയാണ് ഉത്സവപ്പറമ്പിൽ നിൽക്കുകയായിരുന്ന രഞ്ജിത്തിനും പരിക്കേറ്റത്.

വെറുതെ ലാത്തി വീശുകയല്ല മറിച്ച് അഡീഷണൽ എസ്.ഐ. രഞ്ജിത്തിന്റെ തലയ്ക്കും നെറ്റിയിലും ലാത്തികൊണ്ട് മർദിക്കുകയായിരുന്നു എന്ന് രഞ്ജിത്ത് പറയുന്നു. നെറ്റിപൊട്ടി ചോരവാർന്ന് നിലത്തുവീണ രഞ്ജിത്തിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും പോലീസ് കൂട്ടാക്കിയില്ല എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

രഞ്ജിത്തിന്റെ ഭാര്യ സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഭാര്യക്കും സുഹൃത്തിനുമൊപ്പം രഞ്ജിത്ത് പോലീസ് സ്റ്റേഷനിൽ എത്തി ഡി.വൈ.എസ്.പിക്ക് പരാതി നൽകി. തന്നെ മർദിച്ച പോലീസുകാരനെ കണ്ടാലറിയാമെന്നും രഞ്ജിത്ത് ഡി.വൈ.എസ്.പിയോട് പറഞ്ഞു.

തുടർന്ന് അഡീഷണൽ എസ്‌ഐയെ വിളിച്ചുവരുത്തി. രഞ്ജിത് ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞതിനെ തുടർന്ന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇനിയും തുടർനടപടികൾ ഉണ്ടായിട്ടില്ല. വർക്കല പോലീസിൽനിന്നും നീതി ലഭിക്കാത്തതിനെതുടർന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുവാൻ ഒരുങ്ങുകയാണ് രഞ്ജിത്തും കുടുംബവും.

Leave a Reply