8,700 കോടി വായ്പ എടുക്കാം, പണം 20ന് ട്രഷറിയില്‍; കേന്ദ്രാനുമതി

0

തിരുവനന്തപുരം: സംസ്ഥാനത്തിനു അർഹമായ 13,608 കോടി രൂപ വായ്പയില്‍ 8,700 കോടി രൂപ എടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. സുപ്രീം കോടതി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് അനുമതി. കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ ഹര്‍ജി പിന്‍വലിക്കാതെ തന്നെ ഈ വായ്പ കിട്ടും. ഇന്നലെയാണ് അനുമതി ലഭിച്ചത്.

റിസര്‍വ് ബാങ്കിന്‍റെ കടപ്പത്രങ്ങളിലൂടെയാണ് വായ്പയെടുക്കുന്നത്. കടപ്പത്ര ലേലം എല്ലാ ചെവ്വാഴ്ചയും നടക്കും. അനുമതി വൈകിയതിനാല്‍ ഈ മാസം 12നു നടക്കുന്ന ലേലത്തില്‍ അപേക്ഷ നല്‍കി കേരളത്തിനു പങ്കെടുക്കാന്‍ അവസരം ലഭിക്കില്ല. 19നു നടക്കുന്ന ലേലം വരെ കാത്തിരിക്കണം. 20നു പണം ട്രഷറിയിലെത്തും. ഈ തുകയെത്തിയാലേ ഈ മാസത്തെ ഇനിയുള്ള ചെലവുകള്‍ നടത്താന്‍ സാധിക്കു.

അനുവദിച്ച മൊത്തം വായ്പയില്‍ 4,800 കോടി രൂപ വൈദ്യുതി മേഖലയുടെ നഷ്ടം പരിഹരിക്കുന്നതിനു സ്വീകരിച്ച നടപടികള്‍ക്കാണ്. ഇതിനു അനുമതി നല്‍കുന്ന നടപടികള്‍ കേന്ദ്ര പൂര്‍ത്തായാക്കിയിട്ടില്ല. അടുത്ത ആഴ്ചയോടെ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷ.19,351 കോടി രൂപ വായ്പ കൂടി അംഗീകരിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ കേന്ദ്രം തള്ളിയിരുന്നു. നിലവിലെ ബുദ്ധിമുട്ട് അടുത്ത സാമ്പത്തിക വര്‍ഷം ഇല്ലാതാകാന്‍ അധിക വായ്പയെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രം അംഗീകരിക്കണം. ഈ വിഷയത്തില്‍ ഈ സാമ്പത്തിക വര്‍ഷം തീരുമാനം ഉണ്ടാകാനുള്ള സാധ്യതയും നിലവില്‍ അടഞ്ഞിരിക്കുകയാണ്.

കിഫ്ബിക്കും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കമ്പനിക്കും എടുക്കുന്ന വായ്പകള്‍ സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയില്‍ നിന്നു ഒഴിവാക്കണം എന്നാണ് കേരളത്തിന്‍റെ ആത്യന്തിക ആവശ്യം. അതിനു തയ്യാറല്ല എന്നാണ് സംസ്ഥാനവുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രം അറിയിച്ചത്. നിയമ പോരാട്ടം തുടരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് കേരളം.

LEAVE A REPLY

Please enter your comment!
Please enter your name here