ഇന്ന് പ്രണയ ദിനമാണ്. മനസിലുള്ള പ്രണയം തുറന്നുപറയാനും സമ്മാനങ്ങള്‍ നല്‍കി ആഘോഷിക്കാനുമുള്ള ദിനം. പ്രണയം തുറന്നുപറയാന്‍ ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമില്ലെന്ന് വാദിക്കുന്നവരുണ്ടെങ്കിലും ഈ ദിനത്തിനായി കാത്തിരിക്കുന്നവര്‍ ഏറെയാണ്. (Valentine’s Day History February 14, 2024)
ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച്, മനുഷ്യന്‍ മനുഷ്യനോടിണങ്ങുന്ന അനന്യസുന്ദരമായ പ്രതിഭാസങ്ങളിലൊന്നാണ് പ്രണയം. ഏഴു ദിവസം നീളുന്ന പ്രണയവാരത്തിന്റെ അവസാന ദിനമാണ് പ്രണയദിനം. പ്രണയത്തിനായി ജീവിതം ഹോമിച്ച സെന്റ് വാലെന്റൈനിന്റെ സ്മരണ പുതുക്കുന്ന ഈ ദിനം ഹൃദയത്തില്‍ പ്രണയം സൂക്ഷിക്കുന്ന ഏതൊരാളെയും ഗൃഹാതുരത്വത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു.ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലന്‍ന്റൈന്‍ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തില്‍ ഒരു വീര്യവും അവര്‍ കാണിക്കുന്നില്ല എന്നും ചക്രവര്‍ത്തിക്ക് തോന്നി. അതിനാല്‍ ചക്രവര്‍ത്തി റോമില്‍ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലന്‍ന്റൈന്‍ പരസ്പരം സ്‌നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാന്‍ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. ബിഷപ്പ് വാലന്‍ന്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി സ്‌നേഹത്തില്‍ ആയി. അതോടെ ആ പെണ്‍കുട്ടിക്ക് കാഴ്ചശക്തി ലഭിച്ചു എന്ന് പറയപ്പെടുന്നു. അതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന്റെ തല വെട്ടാന്‍ ആജ്ഞ നല്‍കി. തലവെട്ടാന്‍ കൊണ്ടുപോകുന്നതിന് മുന്‍പ് വാലന്‍ന്റൈന്‍ ആ പെണ്‍കുട്ടിക്ക് ‘ഫ്രം യുവര്‍ വാലന്‍ന്റൈന്‍’ എന്നെഴുതിയ ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലന്‍ന്റൈന്റെ ഓര്‍മ്മയ്ക്കായി ഫെബ്രുവരി 14 ന് വാലന്‍ന്റൈന്‍ ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്.
പ്രണയത്തിന്റെ പേരിലുള്ള അക്രമങ്ങളുടെ അലോസരപ്പെടുത്തുന്ന വാര്‍ത്തകള്‍ ഏറെയുണ്ടെങ്കിലും പരിശുദ്ധ പ്രണയം ഇന്നും അനശ്വരമായി നിലകൊള്ളുന്നു. എത്ര തവണ മുറിവേറ്റാലും പിന്നെയും മടങ്ങിപ്പോകാന്‍ പ്രേരിപ്പിക്കുന്ന ഒരു മായാജാലം പ്രണയത്തിനുണ്ട്. വേദനപോലും സുഖമാക്കി മാറ്റുന്ന അതീന്ദ്രീയത.