തണ്ണീര്‍ കൊമ്പന്‍: പോസ്റ്റ്‌മോര്‍ട്ടത്തിന് കേരള, കര്‍ണാടക സംയുക്ത സംഘം, അന്വേഷിക്കാന്‍ വിദഗ്ധ സമിതി

0

ബംഗളൂരു: വെള്ളിയാഴ്ച മാനന്തവാടിയില്‍ പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞതില്‍ വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. അഞ്ചംഗ സമിതിയാകും അന്വേഷണത്തിലുണ്ടാകുക. മാനന്തവാടിയില്‍ നിന്ന് ബന്ദിപ്പൂരിലെത്തിച്ച ആനയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് മുമ്പ് തന്നെ ആന ചരിഞ്ഞതായും മന്ത്രി പറഞ്ഞു.

സംഭവത്തില്‍ വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കുമെന്നും ഇതിനായി അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു. ആന ചരിയാനുണ്ടായ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല. ഇത് സംബന്ധിച്ച് സുതാര്യമായി അന്വേഷണം നടക്കും. വിജിലന്‍സിന്റെയും വെറ്റിനറി വിദഗ്ധരുടെയും എന്‍ജിഒയുടെയും സംഘമാണ് അന്വേഷിക്കുക.

കാര്‍ണാടക കേരള സര്‍ജന്‍മാരുടെയും സംയുക്ത സംഘം ആനയുടെ പോസ്‌മോര്‍ട്ടം നടത്തുമെന്നും മന്ത്രി അറിയിച്ചു. ആനയെ മയക്കുവെടി വയ്ക്കാന്‍ വൈകിയത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി ആയിരുന്നുവെന്നു. ഈ ഘട്ടത്തില്‍ ഊഹാപോഹങ്ങള്‍ പറയുന്നത് ഉചിതമല്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാരണങ്ങള്‍ വ്യക്തമാകുകയുള്ളു. മയക്കുവെടിയുടെ സൂചി കൊണ്ടത് പോലും മാധ്യമങ്ങള്‍ന നേരിട്ട് കണ്ടതാണ്. അത്രയും സുതാര്യമായാണ് ദൗത്യം നടന്നത്. ഇനിയുള്ള തുടര്‍നടപടികളും സുതാര്യമാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റെന്തെങ്കിലും വീഴ്ചയുണ്ടെങ്കില്‍ അതും അന്വേഷിക്കുമെന്നും വനംമന്ത്രി പറഞ്ഞു.

പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനുശേഷമാണ് വെള്ളിയാഴ്ച തണ്ണീര്‍ കൊമ്പനെ പിടികൂടിയത്. എലിഫന്റ് ആംബുലന്‍സില്‍ രാമപുരയിലെത്തിച്ച ശേഷം ആനയെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.കര്‍ണാടക വനംവകുപ്പിന് കൈമാറിയ ശേഷമാണ് പുലര്‍ച്ചെയോടെ ആന ചരിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here