‘സങ്കടക്കടൽ’, അജീഷ് ഇനി ഓർമ്മ; സംസ്കാരത്തിന് വൻ ജനാവലി; 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി രൂപത

0

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. വന്‍ജനാവലിയാണ് അജീഷിനെ യാത്രയാക്കിയത്. സംസ്‌കാര ചടങ്ങുകള്‍ നടന്ന പടമല സെന്റ് അല്‍ഫോന്‍സ പള്ളി സെമിത്തേരിയില്‍ തടിച്ചുകൂടിയവരുടെയെല്ലാം ഹൃദയം വിങ്ങുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്നലെ രാത്രി എട്ടരയോടെയാണ് മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങിയത്. കൊയിലേരിയില്‍ നിന്ന് വിലാപയാത്രയായാണ് മൃതദേഹം വീട്ടില്‍ എത്തിച്ചത്. മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ അനുവദിക്കാതെ അജീഷിന്റെ മൃതദേഹവുമായി ജനക്കൂട്ടം മാനന്തവാടി ഗാന്ധി പാര്‍ക്കിലും പിന്നീട് സബ്കളക്ടറുടെ കാര്യാലയ പരിസരത്തും സമരം ചെയ്തിരുന്നു.

അതേസമയം അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം അറിയിച്ചു. മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ബയോവിന്‍ അഗ്രോ റിസേര്‍ച്ചും ചേര്‍ന്നാണ് സാമ്പത്തിക സഹായം നല്‍കുന്നത്. അജീഷിന്റെ രണ്ട് കുട്ടികളുടെ പേരില്‍ അഞ്ച് ലക്ഷം രൂപ വീതം മാനന്തവാടിയിലെ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റും ഇടും.

ഇന്നലെ രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ പടമല പനച്ചിയില്‍ അജീഷ് കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ദയിലാണ് കാട്ടാന എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here