പോളിന് ചികിത്സ വൈകിപ്പിച്ചിട്ടില്ല, മന്ത്രിമാരുടെ സംഘം വയനാട്ടിലേയ്ക്ക്; അടിയന്തര യോഗം വിളിക്കുമെന്ന് വനം മന്ത്രി

0

കോഴിക്കോട്: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന് ചികിത്സ വൈകിയിട്ടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നല്‍കുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ചികിത്സാപിഴവുണ്ടായെന്ന ആരോപണം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരുടെ സംഘം അടുത്ത ദിവസം തന്നെ വയനാട് സന്ദര്‍ശിക്കും. റവന്യൂ, തദ്ദേശ മന്ത്രിമാര്‍ സംഘത്തിലുണ്ടാകും. വന്യമൃഗ ശല്യം തടയാന്‍ അടിയന്തര യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബേലൂര്‍ മഗ്നയെ പിടികൂടാനുള്ള ദൗത്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ആരോപണവുമായി പോളിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. കുടുംബത്തിന്റെ ഈ ആരോപണം ഗൗരവപൂര്‍വം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഏറ്റവും നല്ല ചികിത്സ കിട്ടുന്ന ആശുപത്രിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചതെന്നും മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട പോളിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും കാട്ടാനയെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ദൗത്യ സംഘം വനത്തിനുള്ളിലേയ്ക്ക് പ്രവേശിച്ചു. ഡോ. അരുണ്‍ സക്കറിയ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ട്.

ആശുപത്രിയില്‍നിന്ന് കൃത്യമായ ചികിത്സ ലഭിച്ചിട്ടില്ലെന്നും ചികിത്സ വൈകിപ്പിച്ചെന്നും മരിച്ച പോള്‍ വി പിയുടെ മകള്‍ ആരോപിച്ചിരുന്നു. കൃത്യമായ ചികിത്സ വേഗത്തില്‍ ലഭിച്ചിരുന്നെങ്കില്‍ അച്ഛന്‍ ജീവിച്ചിരിക്കുമായിരുന്നുവെന്നാണ് മകള്‍ പ്രതികരിച്ചത്.രാവിലെ ഒന്‍പത് മണിക്ക് ആന ആക്രമിച്ചിട്ടും അച്ഛന്‍ മണിക്കൂറുകള്‍ ജീവിച്ചു. വേണ്ട ചികിത്സ വേഗം ലഭ്യമാക്കിയിരുന്നെങ്കില്‍ മരണമുണ്ടാകുമായിരുന്നില്ല എന്നാണ് ഇതു കാണിക്കുന്നത്. ആശുപത്രിയില്‍നിന്ന് ചികിത്സ വൈകിപ്പിച്ചു. മാനന്തവാടിയില്‍നിന്ന് വേണ്ട ചികിത്സ കിട്ടിയില്ലെന്നും മകള്‍ ആരോപിച്ചിരുന്നു.

Leave a Reply