തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘ഭാരത് അരി’ക്ക് ബദലായി കേരളത്തിന്റെ ‘കെ- അരി’ വിതരണം ചെയ്യുന്നതിൽ ഈ ആഴ്ച തീരുമാനമെന്നു ഭക്ഷ്യ വകുപ്പ്. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കാണ് നൽകുന്നതെങ്കിൽ കെ- അരി 25 മുതൽ 27 രൂപ വരെയായിരിക്കും വില.
നാഫെഡ് വിപണന കേന്ദ്രങ്ങൾ വഴിയാണ് ഭാരത് അരിയുടെ വിതരണം. കെ- അരി പൊതുവിതരണ സംവിധാനം വഴിയായിരിക്കും ലഭ്യമാക്കുക. നീല, വെള്ള കാർഡ് ഉടമകൾക്കു 10 കിലോഗ്രാം വീതം നൽകാനാണ് ആലോചന. റേഷൻ കാർഡ് ഉടമകൾക്ക് ഇപ്പോഴുള്ള വിഹിതത്തിനു പുറമേ കെ- അരിയും ലഭ്യമാക്കും.ചമ്പാവ്, ജയ, കുറുവ അരികളായിരിക്കും വിൽക്കുക. മലയാളിക്കു പ്രിയപ്പെട്ട മട്ട അരിയും നൽകും. ഇവയുടെ സ്റ്റോക്കെടുക്കാൻ സിവിൽ സപ്ലൈസ് കമ്മീഷണർക്കും ഡയറക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എഫ്സിഐ വഴി ലഭിക്കുന്ന വിഹിതത്തിൽ വിതരണം ചെയ്യാതെ ബാക്കിയുള്ള അരി കെ- ബ്രാൻഡിൽ ഉൾപ്പെടുത്തി റേഷൻ കാർഡുകാർക്ക് നൽകും.
പദ്ധതി ശുപാർശ ഭക്ഷ്യ വകുപ്പ് ഈയാഴ്ച തന്നെ തയ്യാറാക്കും. മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. മാർച്ച് ആദ്യം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നു റിപ്പോർട്ടുകളുണ്ട്. അതിനു മുൻപ് വിതരണം തുടങ്ങാനാണ് നീക്കം.