ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി; മുന്നറിയിപ്പുമായി കെഎസ്ഇബി, ഗതാഗത നിയന്ത്രണം

0

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി. ഇന്നലെ വൈകുന്നേരം മുതല്‍ നഗരത്തിന്റെ പല സ്ഥലങ്ങളിലായി പൊങ്കാല അര്‍പ്പിക്കാനായി സ്ഥലങ്ങള്‍ ക്രമീകരിച്ചു തുടങ്ങിയിരുന്നു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി നഗരസഭയും പൊലിസും അറിയിച്ചു.

ഇന്ന് ഉച്ച മുതല്‍ നാളെ രാത്രി എട്ടു മണിവരെ തലസ്ഥാനത്ത് ഗതാഗതനിയന്ത്രമുണ്ട്. ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലായി പാര്‍ക്കിംഗും നിരോധിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയും റെയില്‍വേ പ്രത്യേക സര്‍വീസും നടത്തും.ട്രാന്‍സ്‌ഫോര്‍മറുകള്‍, അനുബന്ധ ഉപകരണങ്ങള്‍, പോസ്റ്റുകളിലെ ഫ്യൂസ് യൂണിറ്റുകള്‍ എന്നിവയില്‍ നിന്നു സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂ എന്നതടക്കം കെഎസ്ഇബിയും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ട്രാന്‍സ്‌ഫോര്‍മര്‍ സ്റ്റേഷന്റെ ചുറ്റുവേലിക്കു സമീപം വിശ്രമിക്കുകയോ സാധന സാമഗ്രികള്‍ സൂക്ഷിക്കുകയോ ചെയ്യരുത്. വൈദ്യുതി പോസ്റ്റിന്റെ ചുവട്ടില്‍ പൊങ്കാലയിടരുത്. ട്രാന്‍സ്‌ഫോര്‍മറുകളുടെയും വൈദ്യുതി പോസ്റ്റുകളുടെയും ചുവട്ടില്‍ ചപ്പുചവര്‍ കൂട്ടിയിടരുത്. ഗുണനിലവാരമുള്ള വയറുകള്‍, സ്വിച്ച് ബോര്‍ഡുകള്‍ എന്നിവ ഉപയോഗിച്ചു മാത്രമേ വൈദ്യുതി കണക്ഷന്‍ എടുക്കാവൂ.

ദീപാലങ്കാരം അംഗീകൃത കരാറുകാരെ മാത്രം ഉപയോഗിച്ച് നിര്‍വഹിക്കേണ്ടതാണ്. ലൈറ്റുകള്‍, ദീപാലങ്കാരം തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് കയ്യെത്താത്ത ഉയരത്തില്‍ സ്ഥാപിക്കണം. ഗേറ്റുകള്‍, ഇരുമ്പ് തൂണുകള്‍, ഗ്രില്ലുകള്‍, ലോഹ ബോര്‍ഡുകള്‍ എന്നിവയില്‍ വൈദ്യുതി ദീപാലങ്കാരം നടത്താന്‍ പാടില്ല. പോസ്റ്റുകളിലോ അനുബന്ധ ഉപകരണങ്ങളിലോ ബാനര്‍, പരസ്യബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കരുത്. ഇന്‍സുലേഷന്‍ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, പഴയതോ, കൂട്ടിയോജിപ്പിച്ചതോ ആയ വയറുകള്‍ ഉപയോഗിക്കരുത്. പോസ്റ്റുകളില്‍ അലങ്കാര വസ്തുക്കള്‍ സ്ഥാപിക്കാന്‍ പാടില്ലെന്നും കെഎസ്ഇബി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here