തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പറിന്റെ ഫലം ഇന്നറിയാം. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതി കഴിഞ്ഞുള്ള തുക സമ്മാന ജേതാവിന് ലഭിക്കും. രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടിവീതം ലഭിക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ്.
30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം മൂന്നാം സമ്മാനമായി ലഭിക്കും. 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ 60 ലക്ഷം, ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ 40 ലക്ഷം, ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.ആകെ 6,91,300 സമ്മാനങ്ങളാണ് നല്‍കുന്നത്. 3,88,840 സമ്മാനങ്ങളായിരുന്നു 2022-23ലെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ബംപറിന് ഉണ്ടായിരുന്നത്. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് 9 സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് അര്‍ഹമാകുന്ന നമ്പറിനായി നറുക്കെടുക്കും. മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.
റെക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 45 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റുപോയത്. 50 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം ലോട്ടറി വകുപ്പ് അച്ചടിച്ചത്.
ഏജന്റുമാര്‍ക്ക് ടിക്കറ്റ് വില്‍പ്പന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇന്‍സന്റീവ് നല്‍കും. ഏറ്റവുമധികം ടിക്കറ്റ് വില്‍പ്പനയ്ക്കായി എടുക്കുന്ന ഏജന്റുമാര്‍ക്ക് സ്പെഷ്യല്‍ ഇന്‍സെന്റീവായി 35,000 രൂപയും സെക്കന്‍ഡ്, തേര്‍ഡ് ഹയസ്റ്റ് പര്‍ച്ചേസര്‍മാര്‍ക്ക് യഥാക്രമം 20,000 രൂപയും 15,000 രൂപയും നല്‍കും.