തമിഴ്‌നാട്ടില്‍ 31,000 കോടിയുടെ നിക്ഷേപവുമായി സിംഗപ്പൂര്‍ സര്‍ക്കാര്‍

0

 

ചെന്നൈ: തമിഴ്‌നാട്ടില്‍ 31,000 കോടിയുടെ നിക്ഷേപവുമായി സിംഗപ്പൂര്‍ സര്‍ക്കാര്‍. ആഗോള നിക്ഷേപ സംഗമത്തിന്റെ രണ്ടാം ദിനത്തിലാണ് നിക്ഷേപ പ്രഖ്യാപനങ്ങള്‍ നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിവിധ കമ്പനികളുമായി കരാറിലൊപ്പിട്ടു. നിക്ഷേപ സംഗമത്തിന്റെ സമാപന ചടങ്ങില്‍ ആകെ ലഭിച്ച നിക്ഷേപങ്ങള്‍ പ്രഖ്യാപിക്കുമെന്ന് എം.കെ സ്റ്റാലിന്‍ പറഞ്ഞു. നിക്ഷേപ സംഗമത്തിന്റെ രണ്ടാദിനമായ ഇന്ന് തമിഴ്‌നാട്ടില്‍ 31,000 കോടി രൂപയുടെ നിക്ഷേപം സിംഗപ്പൂര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 1250 കോടി രൂപ ചിലവില്‍ റാണിപ്പെട്ടില്‍ യൂണിറ്റ് തുടങ്ങുമെന്നാണ് തായ്വാനീസ് പാദരക്ഷ നിര്‍മാതക്കളായ ഹോങ് ഫുവിന്റെ വാഗ്ദാനം. ടൈറ്റന്‍ എഞ്ചിനീയറിംഗ് 430 കോടിയുടെ നിക്ഷേപത്തിനുള്ള ധാരണപത്രം ഒപ്പിടും. ഇന്ന് വൈകിട്ട് നാലരയ്ക്ക് തുടങ്ങുന്ന സമാപന ചടങ്ങില്‍ ആകെ ധാരണപാത്രങ്ങള്‍ എത്ര എന്നതടക്കം പ്രഖ്യാപിക്കും.

ലക്ഷ്യമിട്ട 5 ലക്ഷം കോടി രൂപയിലധികം തുകയ്ക്കുള്ള ധാരണാപത്രം ആദ്യ ദിവസം ഒപ്പിട്ടതായി തമിഴ്‌നാട് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. ഇന്ന് കൂടുതല്‍ പ്രമുഖ കമ്പനികള്‍ ധാരണാപത്രത്തില്‍ ഒപ്പിടും. ഇന്ന് നിക്ഷേപ സംഗമത്തിന്റെ സുപ്രധാന ദിവസം ആണെന്ന് വ്യവസായ മന്ത്രി ടിആര്‍ബി രാജ പറഞ്ഞു. ആഗോള നിക്ഷേപ സംഗമത്തിന്റെ ആദ്യദിനത്തില്‍ 5.5 ലക്ഷം കോടിയുടെ 100 ധാരണാപത്രങ്ങളാണ് സര്‍ക്കാര്‍ ഒപ്പിട്ടത്. കൃഷ്ണഗിരി ജില്ലയിലെ മൊബൈല്‍ ഫോണ്‍ അസംബ്ലി യൂണിറ്റില്‍ 12,082 കോടിയുടെ നിക്ഷേപത്തിലൂടെ 40,050 തൊഴില്‍ അവസരങ്ങളാണ് ടാറ്റാ ഇലക്ട്രോണിക്‌സിന്റെ വാഗ്ദാനം. പുനരുപയോഗ ഊര്‍ജ മേഖലയില്‍ അടുത്ത 5 വര്‍ഷത്തില്‍ 55,000 കോടിയുടെ പദ്ധതികള്‍ക്കുള്ള ധാരണപത്രം നാളെ ഒപ്പിടുമെന്ന് ടാറ്റാ പവറും അറിയിച്ചു.

തൂത്തുക്കൂടി, തിരുനെല്‍വേലി എന്നീ ജില്ലകളില്‍ 10000 കോടിയുടെ നിക്ഷേപവും 6000 പേര്‍ക്ക് ജോലിയും ആണ് ജെ.എസ്.ഡബ്ല്യു എനര്‍ജിയുമായുള്ള ധാരണാപാത്രത്തിലെ സവിശേഷത. വിയറ്റ്‌നാം കമ്പനിയായ വിന്‍ഫാസ്റ്റിന് പിന്നാലെ കാഞ്ചീപുരത്ത് 6180 കോടിയുടെ ഇലക്ട്രിക് കാര്‍ -ബാറ്ററി യൂണിറ്റ് തുടങ്ങുമെന്ന് ഹ്യുണ്ടായ് അറിയിച്ചു. ആപ്പിള്‍ കരാര്‍ കമ്പനി പെഗാട്രോണ്‍ ചെങ്കപ്പെട്ടില്‍ 1000 കോടി മുടക്കി നിര്‍മിക്കുന്ന പുതിയ പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത് 8000 തൊഴിലാവസരങ്ങളാണ്. റിലേയന്‍സ് എനര്‍ജി, ടി വി എസ്, ഗോദ്റെജ് തുടങ്ങിയവരും സംസ്ഥാനത്ത് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 5 ലക്ഷം കോടിയുടെ ധാരണപത്രം എന്ന സര്‍ക്കാര്‍ ലക്ഷ്യം ആദ്യ ദിനം തന്നെ സാധ്യമായി എന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. അതേസമയം, എഐഎഡിഎംകെ സര്‍ക്കാരിന്റ കാലത്തെ രണ്ട് സംഗമങ്ങളില്‍ ഒപ്പിട്ട ധാരണാപത്രങ്ങളില്‍ പകുതി പോലും യാഥാര്‍ഥ്യമായില്ല എന്നത് സ്റ്റാലിന് മുന്നിലെ കടമ്പയാണ്.

ad – Arun kumar

LEAVE A REPLY

Please enter your comment!
Please enter your name here