റോബിന്‍ ബസ് ഉടമ ഗിരീഷ് വധഭീഷണി മുഴക്കി; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എസ്പിക്ക് പരാതി നല്‍കി

0

പത്തനംതിട്ട: റോബിന്‍ ബസ് ഉടമ ഗിരീഷ് വധഭീഷണി മുഴക്കിയതായി പരാതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ബസ് പരിശോധിക്കുന്നതിനിടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് രണ്ട് എംവിഐമാര്‍ പത്തനംതിട്ട എസ്പിക്ക് ആണ് പരാതി നല്‍കിയത്. ഇതിനെത്തുടര്‍ന്ന് ഗിരീഷിനെ എസ്പി ഓഫിസിലേക്ക് വിളിച്ചുവരുത്തുകയും പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍വെച്ച് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍, ഇത് വ്യാജ ആരോപണമാണെന്നും കോടതിയില്‍ നടക്കുന്ന കേസുകള്‍ക്കുള്ള പ്രതികാര നടപടിയാണെന്നും ഗിരീഷ് ആരോപിച്ചു.

റോബിന്‍ ബസ് നാളെ മുതല്‍ അടൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മോട്ടോര്‍വാഹന വകുപ്പിന്റെ തുടര്‍ച്ചയായ പരിശോധനയും വാഹനം പിടിച്ചെടുക്കലും കാരണം സര്‍വീസ് നടത്താനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി റോബിന്‍ ബസ് ഉടമ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. സര്‍വീസ് നടത്താന്‍ അനുകൂല ഉത്തരവുണ്ടായിട്ടും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുന്നെന്ന് ആരോപിച്ചാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. മോട്ടോര്‍ വാഹനവകുപ്പ് വാഹനം പിടിച്ചെടുത്തതിന്റെയും പലപ്പോഴായി പിഴയിട്ടതിന്റെയും പശ്ചാത്തലത്തിലായിരുന്നു പരാതി.

മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരുമായി ട്രിപ്പ് നടത്താനുള്ള അനുമതി മാത്രമാണ് ഹൈക്കോടതി വിധിയിലൂടെ റോബന്‍ ബസിന് ലഭിച്ചിട്ടുള്ളതെന്നാണ് ഉദ്യോഗസ്ഥര്‍ അന്ന് വ്യക്തമാക്കിയത്. ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഒരുസംഘം ആളുകളെ കയറ്റുകയും മറ്റൊരു നിശ്ചിത സ്ഥലത്ത് യാത്രക്കാരെ ഇറക്കുകയും ചെയ്യണമെന്നാണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍, ഏത് പോയിന്റില്‍ നിന്നും ആളുകളെ കയറ്റുന്നതിലൂടെ നിയമലംഘനം ആവര്‍ത്തിക്കുന്നുവെന്നതാണ് ബസിനെതിരേ നടപടി സ്വീകരിക്കാന്‍ കാരണമായി മോട്ടോര്‍ വാഹനവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here