രാഹുലിന്റെ കാറിന്റെ ചില്ല് തകർന്നത് കല്ലേറിൽ അല്ല, പൊലീസിന്റെ കയർ തട്ടിയെന്ന് കോൺഗ്രസ്

0

ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിന്റെ ചില്ല് കല്ലേറില്‍ തകർന്നു എന്ന വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ്. സുരക്ഷയുടെ ഭാഗമായി രാഹുല്‍ ഗാന്ധിക്ക് വലയം തീര്‍ത്ത് കെട്ടിയിരുന്ന കയര്‍ കാരണമാണ് കാറിന്റെ ചില്ല് തകര്‍ന്നതെന്ന് കോണ്‍ഗ്രസ് പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് ബിഹാര്‍- ബംഗാള്‍ അതിര്‍ത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ ആക്രമണം ഉണ്ടായി എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. രാഹുലിന്റെ കാറിന് മാത്രമല്ല, മറ്റു നേതാക്കളുടെ കാറുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇത് നിഷേധിച്ചാണ് കോണ്‍ഗ്രസ് രംഗത്തുവന്നത്.

‘പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ രാഹുലിനെ കാണാന്‍ വന്‍ ജനക്കൂട്ടം എത്തിയിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് പെട്ടെന്ന് ഒരു സ്ത്രീ രാഹുലിന്റെ കാറിന് മുന്നില്‍ വന്നു. രാഹുലിനെ കാണാന്‍ വന്ന ആ സ്്ത്രീയെ കണ്ടു പെട്ടെന്ന് ബ്രേക്ക് ചെയ്തു. അതിനിടെ രാഹുലിന് സുരക്ഷാവലയം തീര്‍ത്ത് കെട്ടിയിരുന്ന കയറില്‍ തട്ടി കാറിന്റെ ചില്ല് തകരുകയായിരുന്നു’- കോണ്‍ഗ്രസിന്റെ പ്രസ്താവനയില്‍ പറയുന്നു.

ജനങ്ങളോട് ചെയ്യുന്ന അനീതിക്കെതിരെ നീതിക്ക് വേണ്ടി പോരാടുകയാണ് ജനകീയ നേതാവ് രാഹുല്‍ ഗാന്ധി. പൊതുജനം അവര്‍ക്കൊപ്പമുണ്ട്, പൊതുജനം രാഹുലിനെ സുരക്ഷിതരാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

കാറിന്റെ പിന്നിലെ ചില്ല് തകര്‍ന്നതിന് പിന്നാലെ രാഹുലിന്റെ യാത്ര തകര്‍ക്കാനും രാഹുലിനെ ആക്രമിക്കാനും ലക്ഷ്യമിട്ടായിരുന്നു കല്ലേറ് എന്ന തരത്തിലായിരുന്നു ആരോപണങ്ങള്‍ ഉയര്‍ന്നത്. രാഹുലിന് സുരക്ഷ ഒരുക്കേണ്ട ബംഗാള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായും വിവിധ കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here