ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം; അടല്‍ സേതു ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

0

 

ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം അടല്‍ സേതു എന്ന മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാജ്യത്തിന്റെ എഞ്ചിനീയറിംഗ് മികവിന്റെ മികച്ച ഉദാഹരണമാണ് പാലം. ലോകത്തിലെ നീളമേറിയ പാലങ്ങളുടെ പട്ടികയില്‍ 12-ാം സ്ഥാനം അടല്‍ സേതുവിനാണ്. 22 കിലോമീറ്റര്‍ നീളത്തിലുമുള്ള ആറുവരി പാതയാണ് മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക്.

 

താനെ കടലിടുക്കിന് മുകളിലായി, മുംബൈയും നവി മുംബൈയെയും ബന്ധിപ്പിക്കുന്ന പാതയാണിത്. സമുദ്ര നിരപ്പില്‍ നിന്ന് 15 മീറ്റര്‍ ഉയരത്തിലാണ് പാലത്തിന്റെ നിര്‍മ്മാണം. അടിയിലൂടെ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നതാണ്. പ്രതിദിനം 75,000 വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ കടന്നുപോകാന്‍ സാധിക്കും. പാലത്തിന്റെ കയറ്റത്തിലും ഇറക്കത്തിലും 40 കിലോമീറ്ററാണ് പരമാവധി വേഗം. ബൈക്ക്, ഓട്ടോറിക്ഷ, ട്രാക്ടര്‍ തുടങ്ങിയവയ്ക്ക് പാലത്തിലൂടെ പ്രവേശനമില്ല.

 

18,000 കോടി രൂപ ചെലവിലാണ് അത്യാധുനിക കടല്‍പ്പാലം യാഥാര്‍ത്ഥ്യമായത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സ്മരണാര്‍ഥമായാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ പാലത്തിന് അടല്‍ സേതു എന്ന പേര് നല്‍കിയത്. 1,77,903 മെട്രിക് ടണ്‍ സ്റ്റീലും 504,253 മെട്രിക് ടണ്‍ സിമന്റും അടല്‍ സേതുവിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചതായാണ് കണക്ക്. എഞ്ചിനീയറിംഗിന്റെ അത്ഭുതമെന്നാണ് പാലത്തിന് വിശേഷിപ്പിക്കുന്നത്. 500 ബോയിംഗ് വിമാനങ്ങളുടെ ഭാരത്തിന് തുല്യവും ഈഫല്‍ ടവറിന്റെ 17 മടങ്ങ് ഭാരവുമുള്ള സ്റ്റീലാണ് ഇതിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന ഈ പാലം, കാറ്റിനെയും മിന്നലിനെയും പ്രതിരോധിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here