‘ഗോവയിലേക്ക് ഹണിമൂണെന്ന് പറഞ്ഞിട്ട് അയോധ്യയിലേക്ക് തീർത്ഥാടനം’; വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

0

ഗോവയിലേക്ക് ഹണിമൂണ്‍ യാത്ര വാഗ്ദാനം ചെയ്തിട്ട് അയോധ്യയിലേക്കും വാരാണസിയിലേക്കും തീര്‍ഥാടനത്തിന് കൊണ്ടുപോയ ഭര്‍ത്താവിനെതിരെ ഭാര്യ വിവാഹമോചന ഹർജി നൽകി.
ഭോപ്പാല്‍ സ്വദേശിയായ യുവതിയാണ് കുടുംബ കോടതിയില്‍ അപേക്ഷ നല്‍കിയത്. തീര്‍ഥാടനം കഴിഞ്ഞെത്തി പത്തു ദിവസത്തിനു ശേഷമാണ് യുവതി അപേക്ഷ നല്‍കിയത്.

പിപ്ലാനിയിൽ താമസിക്കുന്ന ദമ്പതികൾ 2023 ഓഗസ്റ്റിലാണ് വിവാഹിതരായത്. ഗോവയിലേക്കാണ് ആദ്യം ഹണിമൂണ്‍ പ്ലാന്‍ ചെയ്തിരുന്നത്. മാതാപിതാക്കളെ നോക്കേണ്ടതുണ്ടെന്നും അതുകൊണ്ട് വിദേശത്തേക്ക് പോകേണ്ടതില്ലെന്നും ഭര്‍ത്താവ് പറഞ്ഞതുകൊണ്ടാണ് താന്‍ ഗോവ യാത്രക്ക് സമ്മതിച്ചതെന്നും യുവതി പറയുന്നു. എന്നാല്‍ രാമക്ഷേത്ര പ്രതിഷ്ഠക്ക് മുന്നോടിയായി ഭര്‍തൃമാതാവിന് അയോധ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ ഭർത്താവ് അയോധ്യയിലേക്കും വാരണാസിയിലേക്കും വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു.യാത്രയുടെ തലേന്നാണ് ഇക്കാര്യം ഭര്‍ത്താവ് അറിയിക്കുന്നതെന്നും യുവതി പറയുന്നു.

എന്നാൽ അന്ന് യുവതി ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. യാത്ര കഴിഞ്ഞെത്തി പത്തു ദിവസത്തിനു ശേഷം യുവതി വിവാഹമോചനത്തിന് കേസ് കൊടുക്കുകയായിരുന്നു. തന്നെക്കാളും ഭർത്താവ് കുടുംബാംഗങ്ങളുടെ കാര്യത്തിലാണ് ശ്രദ്ധിച്ചിരുന്നതെന്നും യുവതി ആരോപിച്ചു.

അതേസമയം ഭാര്യ ഈ വിഷയത്തിൽ വലിയ കോലാഹലം സൃഷ്ടിക്കുകയാണെന്നാണ് ഭർത്താവ് കുടുംബ കോടതിയിലെ കൗൺസിലർമാരോട് പറഞ്ഞത്. ദമ്പതികളെ കൗൺസിലിംഗ് നടത്തി വരികയാണെന്നാണ് വിവരം.

Leave a Reply