വീണ്ടും തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിടാനൊരുങ്ങി ടെക്ക് ഭീമൻ ഗൂഗിൾ

0

 

വീണ്ടും തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിടലിനൊരുങ്ങി ടെക്ക് ഭീമൻ ഗൂഗിൾ. നൂറ് കണക്കിനാളുകളെയാണ് ഇത്തവണ പിരിച്ചുവിടാനൊരുങ്ങുന്നത്. ഗൂഗിൾ അസിസ്റ്റന്റ് ഡിവൈസസ്, സോഫ്റ്റ് വെയർ, സർവീസസ് വിഭാഗങ്ങളിൽ നിന്നുള്ളവരെയാണ് പിരിച്ചുവിടുക. ഗൂഗിൾ വക്താവിനെ ഉദ്ധരിച്ച് ഓൺലൈൻ വാർത്താ വെബ്‌സൈറ്റായ സെമാഫോർ ആണ് ഇക്കാര്യം പുറത്തുവിട്ടത്. തങ്ങളുടെ ഉല്പന്നങ്ങളിൽ പുതിയ നിർമിതബുദ്ധി സാങ്കേതിക വിദ്യകൾ സംയോജിപ്പിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ പുനഃസംഘടന ഗൂഗിൾ അസിസ്റ്റന്റിനെ മെച്ചപ്പെടുത്തുമെന്നാണ് ഗൂഗിൾ പറയുന്നത്. ഗൂഗിൾ അസിസ്റ്റന്റിന്റെ പുതിയ പതിപ്പിൽ ഗൂഗിളിന്റെ ജനറേറ്റീവ് എഐ ചാറ്റ് ബോട്ട് ആയ ബാർഡ് ഉൾപ്പെടുത്തുമെന്ന് കമ്പനി ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നു.

കമ്പനിയുടെ മാപ്പിങ് ആപ്പായ വേസിൽ നിന്നും ജീവനക്കാരെ പിരിച്ചുവിടും. ഡിവൈസസ് ആന്റ് സർവീസസ് ടീമിൽ നിന്നും നൂറുകണക്കിന് പേരെ പിരിച്ചുവിടുന്നുണ്ട്. 2023 ഡിസംബറിൽ അവതരിപ്പിച്ച ജെമിനി എന്ന എഐ മോഡൽ കൂടുതൽ ഉല്പന്നങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. പരസ്യ വിതരണ സംവിധാനത്തിൽ ഉൾപ്പടെ നിർമിതബുദ്ധി സാങ്കേതിക വിദ്യകൾ അവതരിപ്പിക്കാനും പരമാവധി ജീവനക്കാരെ ഒഴിവാക്കാനുമാണ് പദ്ധതി. അതിനിടെ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വെയറബിൾ ബ്രാൻഡായ ഫിറ്റ്ബിറ്റിന്റെ സഹസ്ഥാപകരായ ജെയിംസ് പാർക്കും, എറിക് ഫ്രൈഡ്മാനും ഫിറ്റ്ബിറ്റിന്റെ നേതൃനിരയിലുണ്ടായിരുന്ന മറ്റുള്ളവരും ഗൂഗിൾ വിടുകയാണ്.

എത്ര പേരെയാണ് കമ്പനി പിരിച്ചുവിടുന്നത് എന്ന് കൃത്യമായി കമ്പനി വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ഗൂഗിൾ നിശ്ചിത ഇടവേളകളിൽ ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. റിക്രൂട്ടിങ്, ന്യൂസ് വിഭാഗങ്ങളിൽ നിന്ന് ഇതിന് മുമ്പ് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ജനുവരിക്ക് ശേഷം കമ്പനിയിൽ ഒരു കൂട്ടപ്പിരിച്ചുവിടൽ ഉണ്ടായിട്ടില്ല. അന്ന് 12000 പേരെയാണ് കമ്പനി പിരിച്ചുവിട്ടത്. 2023 സെപ്റ്റംബറിലെ കണക്കനുസരിച്ച് 18,0000 ജീവനക്കാർ ഗൂഗിളിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here