ഇന്ത്യ പുതുവര്‍ഷ ദിനത്തില്‍ വിക്ഷേപിച്ച എക്‌സ്‌റേ പോളാരിമെട്രി ഉപഗ്രഹത്തില്‍ (എക്‌സ്‌പോസാറ്റ്) നിന്ന് ആദ്യ സന്ദേശം ലഭിച്ചു. കാസിയോപിയ എ (കാസ് എ) എന്ന സൂപ്പര്‍നോവ അവശിഷ്ടത്തില്‍ നിന്നുള്ള തരംഗങ്ങളെയാണ് എക്‌സ്‌പോസാറ്റിലെ എക്‌സ്‌പെക്ട് എന്ന പഠനോപകരണം പിടിച്ചെടുത്തത്.
എക്‌സ്‌പെക്ട് പിടിച്ചെടുത്ത കാസ് എ വികിരണങ്ങളില്‍ നിന്ന് മഗ്‌നീഷ്യം, സിലിക്കണ്‍, സള്‍ഫര്‍, ആര്‍ഗണ്‍, കാല്‍സ്യം, ഇരുമ്പ്, നിയോണ്‍ എന്നിവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഭൂമിയില്‍ നിന്ന് 11,000 പ്രകാശ വര്‍ഷം (9.46 ലക്ഷം കോടി കിലോമീറ്റാണ് ഒരു പ്രകാശവര്‍ഷം) അകലെ കാസിയോപിയ നക്ഷത്ര സമൂഹത്തിലാണ് കാസ് എ സ്ഥിതി ചെയ്യുന്നത്.
പ്രത്യേക കാരണങ്ങളാല്‍ ഭീമന്‍ നക്ഷത്രങ്ങള്‍ പൊട്ടിത്തെറിക്കുന്ന പ്രതിഭാസമാണ് സൂപ്പര്‍നോവ. ഇങ്ങനെ പൊട്ടിത്തെറിച്ച ശേഷം നക്ഷത്രങ്ങളുടെ ഉള്‍ക്കാമ്പിനു ചുറ്റും അവശിഷ്ടങ്ങള്‍ കൊണ്ടു പുറംപാളി രൂപപ്പെടുമ്പോഴാണ് സൂപ്പര്‍നോവ അവശിഷ്ടമായി മാറുന്നത്. പ്രപഞ്ചത്തിലെ വിവിധ സ്രോതസ്സുകളില്‍ നിന്നെത്തുന്ന എക്‌സ്‌റേ തരംഗങ്ങളെക്കുറിച്ചു പഠിക്കുകയാണ് എക്‌സ്‌പോസാറ്റിന്റെ ലക്ഷ്യം.