ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വ്വം പദ്ധതി ഏഴാം വര്‍ഷത്തില്‍

0

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം നല്‍കാനായി ഡിവൈഎഫ്ഐ ആരംഭിച്ച ഹൃദയപൂര്‍വ്വം പദ്ധതി ഏഴാം വര്‍ഷത്തില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ആരംഭിച്ച പദ്ധതി ഇന്ന് സംസ്ഥാനത്തൊട്ടാകെ വ്യാപിച്ചു കഴിഞ്ഞു. ദിവസവും പതിനായിരക്കണക്കിന് പൊതിച്ചോറുകളാണ് ഹൃദയ പൂര്‍വ്വം പദ്ധതിയിലൂടെ ഡിവൈഎഫ്‌ഐ വിതരണം ചെയ്യുന്നത്.

ഉറവ വറ്റാത്ത സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പ്രതീകമാണ് പൊതിച്ചോറുകള്‍. ഡിവൈഎഫ്‌ഐയുടെ വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാനുള്ള പൊതിച്ചോര്‍ വിതരണം ഏഴാം വര്‍ഷവും തുടരുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് മാത്രമായി 2017ല്‍ ആയിരം പൊതിച്ചോറുകളുമായി ആരംഭിച്ച ഹൃദയപൂര്‍വ്വം പദ്ധതി ഇന്ന് സംസ്ഥാനത്തൊട്ടാകെ വ്യാപിച്ചു. കോടിക്കണക്കിന് പേരുടെ മിഴി നനയാതെ കാത്തു. ഹൃദയപൂര്‍വ്വം പദ്ധതിയുടെ ഏഴാം വാര്‍ഷികം സിപിഐഎം പോളിറ്റ് ബ്യൂറോ കമ്മിറ്റി അംഗം എംഎ ബേബി ഉദ്ഘാടനം ചെയ്തു. വാര്‍ഷികത്തോടനുബന്ധിച്ച് ഉച്ചഭക്ഷണത്തോടൊപ്പം പായസ വിതരണവും നടത്തി.

ദിവസവും ജില്ലയിലെ ഓരോ മേഖലാ കമ്മിറ്റിയാണ് ഭക്ഷണമെത്തിക്കുന്നത്. പദ്ധതി ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ ഒരു കോടിയിലധികം പൊതിച്ചോറുകളാണ് മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്തത്. ആഘോഷ-അവധി ദിനങ്ങളില്ലാതെ മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം നല്‍കുന്ന ഡിവൈഎഫ്‌ഐയുടെ ഹൃദയ പൂര്‍വ്വം പദ്ധതി ഇന്ന് ഒരു വലിയ വിഭാഗത്തിന്റെ ആശ്രയമാണ്.

Leave a Reply