ത്രില്ലര്‍ പോരാട്ടത്തില്‍ മീഡിയ സ്‌ട്രൈക്കേഴ്‌സിന് നാടകീയ ജയം!!

0

സെലിബ്രിറ്റിറ്റി ക്രിക്കറ്റ് ലീഗിലെ മാ മാമാങ്കം കപ്പില്‍ ഇന്‍ഫിനിറ്റി ഗ്രൂപ്പ് ദുബായ് സ്‌പോണ്‍സര്‍ ചെയ്യുന്ന മീഡിയ സ്‌ട്രൈക്കേഴ്‌സ് കേരളയ്ക്ക് ആദ്യ മല്‍സരത്തില്‍ ത്രില്ലിംഗ് ജയം. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മല്‍സരത്തില്‍ 1 വിക്കറ്റിന്റെ നാടകീയ ജയമാണ് ആക്ഷന്‍ ഹീറോസ് ഇലവനെതിരേ മീഡിയ സ്‌ട്രൈക്കേഴ്‌സ് സ്വന്തമാക്കിയത്.

വിജയലക്ഷ്യമായ 104 റണ്‍സ് തേടിയിറങ്ങിയ മീഡിയ സ്‌ട്രൈക്കേഴ്‌സ് ഒരുഘട്ടത്തില്‍ 7 വിക്കറ്റിന് 80 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ ശ്രീനിഷ് പൈ, ജോര്‍ജ് തോമസ് എന്നിവരെ കൂട്ടുപിടിച്ച് ഹരിദാസ് ടീമിനെ ജയത്തിലേക്ക് നയിച്ചു. അവസാന ഓവറുകളില്‍ അഖില്‍ ആന്‍ഡ്രൂസിന്റെ അവസരോചിത ബാറ്റിംഗും മീഡിയ ടീമിന്റെ രക്ഷയ്‌ക്കെത്തി.

സുനില്‍കുമാര്‍, സനത്ത് എന്നിവര്‍ മികച്ച തുടക്കമാണ് ടീമിന് ബാറ്റുകൊണ്ട് നല്കിയത്. നേരത്തെ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത മീഡിയ സ്‌ട്രൈക്കേഴ്‌സിനായി സതീഷ് വെള്ളിനേഴി, രമേഷ് അമ്മാനത്ത്, സോജന്‍ സ്വരാജ്, അനൂപ് മോഹന്‍ എന്നിവര്‍ മികച്ച ബൗളിംഗ് കാഴ്ച്ചവച്ചു. 3 വിക്കറ്റെടുത്ത രമേഷ് അമ്മാനത്താണ് കളിയിലെ താരം. വ്യാഴാഴ്ച്ചയാണ് മീഡിയ സ്‌ട്രൈക്കേഴ്‌സിന്റെ അടുത്ത പോരാട്ടം.

മല്‍സരത്തിനു മുമ്പ് നടന്ന ചടങ്ങില്‍ മീഡിയ ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും സീനിയര്‍ താരവുമായ പോളി വടക്കന്‍ പുതിയ സീസണിലെ ജേഴ്‌സികള്‍ കളിക്കാര്‍ക്ക് സമ്മാനിച്ചു.

മീഡിയ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സതീഷ് വെള്ളിനേഴി, സെക്രട്ടറി എംജി ലിജോ, ക്യാപ്റ്റന്‍ പിസി സുനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ദുബായ്, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ സജീവ സാന്നിധ്യമുള്ള ഇന്‍ഫിനിറ്റി ഗ്രൂപ്പാണ് മീഡിയ സ്‌ട്രൈക്കേഴ്‌സ് കേരളയുടെ ഈ സീസണിലെ സ്‌പോണ്‍സര്‍മാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here