ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക ഈ മാസം; പത്തനംതിട്ടയില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന

0

ലോക്സഭാ തിരഞ്ഞെടുപ്പോടനുബന്ധിച്ച് കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക ബിജെപി കേന്ദ്ര നേതൃത്വം ഉടന്‍ പുറത്തുവിടുമെന്ന് സൂചന. ഈ മാസംതന്നെ ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന വ്യക്തമായ സൂചന സംസ്ഥാന നേതൃത്വത്തിന് പാര്‍ട്ടി കേന്ദ്ര നേതൃത്വം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവും തിരഞ്ഞെടുപ്പില്‍ മുതലാക്കാനാണ് ബിജെപിയുടെ ശ്രമം. നിലവില്‍ സുരേഷ് ഗോപി മത്സരിക്കുന്ന തൃശ്ശൂരും കേന്ദ്രമന്ത്രി വി. മുരളീധരന് സാധ്യതയുള്ള ആറ്റിങ്ങലും ഒഴികെ മറ്റൊരിടത്തും കൃത്യമായൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ബിജെപി കഴിഞ്ഞട്ടില്ല. അതേസമയം, പത്തനംതിട്ടയില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന സൂചന പുറത്തുവരുന്നത്.

മാളികപ്പുറം ചിത്രത്തിലൂടെ കരിയര്‍ ബ്രേക്ക് സൃഷ്ടിച്ച ഉണ്ണി മുകുന്ദനെ സ്ഥാനാര്‍ഥിയാക്കുന്നത് ഗുണകരമാകുമെന്നാണ് പൊതുവെയുള്ള ബിജെപി വിലയിരുത്തല്‍. ബിജെപിയെ പരസ്യമായി പിന്തുണയ്ക്കുന്ന ഉണ്ണി മുകുന്ദന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത തള്ളാനാകില്ലെന്ന് ചുരുക്കം. അതേസമയം, പത്തനംതിട്ടയില്‍ മൂന്ന് പേരുകളാണ് ബിജെപി നേതൃത്വത്തിന്റെ മുന്നിലുള്ളത്. ഇതില്‍ കുമ്മനം രാജശേഖരന്റെ പേരിനാണ് മുന്‍തൂക്കം. കുമ്മനം പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഉയര്‍ന്നുകേള്‍ക്കുന്ന മറ്റൊരു പേര് പി.സി. ജോര്‍ജിന്റെതാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ശക്തമായ മത്സരം നടന്ന തിരുവനന്തപുരത്ത് ഇത്തവണ ആര് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് സംസ്ഥാന നേതൃത്വത്തിനുതന്നെ വ്യക്തമായ ചിത്രമില്ല. ശശി തരൂരിനെ നേരിടാന്‍ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ വരണമെന്ന ആഗ്രഹമാണ് കേന്ദ്ര നേതാക്കളോട് സംസ്ഥാന നേതാക്കള്‍ പലരും പ്രകടിപ്പിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കര്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഒരു വിഐപി മണ്ഡലത്തിന് തക്കവിധം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. ശക്തമായ മത്സരത്തിന് കളമൊരുക്കി അപ്രതീക്ഷിത സ്ഥാനാര്‍ഥി തിരുവനന്തപുരത്ത് എത്തിയേക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here