എംഎൽഎയും എസ്ഐയും തമ്മിലുള്ള വാക്കേറ്റം; എസ്ഐയ്ക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത, എസിപി ഇന്ന് മൊഴിയെടുക്കും

0

കണ്ണൂര്‍: കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ എം വിജിൻ എംഎല്‍എയും ടൗൺ എസ്ഐയും തമ്മിൽ വാക്കേറ്റമുണ്ടായ സംഭവത്തിൽ അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണം ആരംഭിച്ചു. എസ്ഐ അപമാനിച്ചുവെന്ന് എംഎല്‍എ നഷകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. എസ്ഐ പി പി ഷമീലിനെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം.

എം വിജിൻ നൽകിയ പരാതിയിൽ എസിപി ഇന്ന് മൊഴിയെടുക്കും. എംഎൽഎ, എസ്ഐ, കെജിഎൻഎ ഭാരവാഹികൾ, പിങ്ക് പൊലീസ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. ഇതിന് ശേഷമാകും കമ്മീഷണർക്ക് റിപ്പോർട്ട്‌ നൽകുക. കളക്ടറേറ്റ് ഗേറ്റിൽ സുരക്ഷ ഒരുക്കുന്നതിലും എംഎല്‍എയോട് പെരുമാറിയതിലും എസ്ഐയ്ക്ക് വീഴ്ചയുണ്ടായെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിഗമനം. ഷമീലിനെതിരെ നടപടി വേണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. എംഎല്‍എയെ ഒഴിവാക്കിയെങ്കിലും മാർച്ച്‌ നടത്തിയ നഴ്‌സുമാർക്കെതിരെ കേസെടുത്തതും അനാവശ്യമെന്നാണ് സിപിഎം നിലപാട്.

കളക്ടറേറ്റ് വളപ്പിൽ കടന്നവർക്കെതിരെ കേസെടുക്കുമെന്ന ടൗൺ എസ്ഐയുടെ നിലപാടാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പ്രകടനമായെത്തിയ നഴ്സുമാർ അകത്തുകയറിയത് തടയാൻ പൊലീസ് ഇല്ലാതിരുന്നതുകൊണ്ട്, വീഴ്ച പൊലീസിനെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. പിന്നെ എന്തിന് കേസെന്നും എം വിജിൻ എംഎൽഎ തിരിച്ചടിച്ചു. എന്നാൽ എസ്ഐയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥ എംഎൽഎയുടെ പേര് ചോദിക്കുകയും ചെയ്തതോടെ പ്രശ്നം കൂടുതൽ രൂക്ഷമായി.

പിന്നാലെ സിവിൽ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയതിനും അന്യായമായി സംഘം ചേർന്നതിനും വകുപ്പുകൾ ചുമത്തി ടൗൺ പൊലീസ് കേസെടുത്തു. എഫ്ഐആറിൽ പക്ഷേ മാർച്ച് ഉദ്ഘാടകനായ എംഎൽഎയുടെ പേര് ഉൾപ്പെടുത്തിയില്ല. കെജിഎൻഎ ഭാരവാഹികളും കണ്ടാലറിയാവുന്ന നൂറോളം പേരുമാണ് പ്രതികൾ. വിജിനെതിരെ മാത്രമല്ല നഴ്സുമാക്കെതിരെയും കേസ് ആവശ്യമില്ലെന്നാണ് സിപിഎം നിലപാട്. ക്രമസമാധാപ്രശ്നം ഉണ്ടായിട്ടില്ലെന്നും വിമര്‍ശനം ഉണ്ട്. സംഭവത്തിൽ എംഎൽഎ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.

Leave a Reply