പുതുവത്സരാഘോഷം; ഫോര്‍ട്ട് കൊച്ചിയില്‍ കടുത്ത നിയന്ത്രണങ്ങള്‍

0

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍. ഡിസംബർ 31-ന് വൈകീട്ട് നാല് മണിക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനങ്ങള്‍ കടത്തി വിടില്ലെന്ന് പോലീസ് അറിയിച്ചു. വൈകീട്ട് ഏഴ് മണിക്ക് ശേഷം റോ റോ ( ജങ്കാർ ) സര്‍വീസും ഉണ്ടായിരിക്കില്ല. രാത്രി 12 മണിക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് മടങ്ങാന്‍ ബസ് സര്‍വീസ് ഉണ്ടാകും. പ്രദേശത്ത് കൂടുതൽ പോലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അപകടങ്ങള്‍ ഒഴിവാക്കാന്‍ പാപ്പാഞ്ഞിയെ കത്തിക്കുന്ന ഗ്രൗണ്ടിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരും. പ്രദേശത്ത് ബാരിക്കേഡുകൾ സ്ഥാപിച്ച് ശക്തമായ നിയന്ത്രണമുണ്ടാകും. പാര്‍ക്കിങ്ങും അനുവദിക്കില്ല. കഴിഞ്ഞ വർഷം പുതുവര്‍ഷാഘോഷത്തിനിടെ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളേർപ്പെടുത്താനുള്ള കൊച്ചി സിറ്റി പോലീസിന്റെ തീരുമാനം.

കഴിഞ്ഞ വർഷം പുതുവത്സര ആഘോഷത്തില്‍ പങ്കെടുക്കാനായി അഞ്ച് ലക്ഷത്തോളം പേര്‍ കൊച്ചിയില്‍ എത്തിയെന്നാണ് കണക്ക്. തിരക്കില്‍പ്പെട്ട് 200 -ല്‍ അധികം പേർ ആശുപത്രിയില്‍ ചികിത്സ തേടി. പോലീസുകാര്‍ക്കുള്‍പ്പടെ നിരവധിയാളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here