ഇന്ത്യക്കാർ ഉൾപ്പെടെ 72 പേർ കൊല്ലപ്പെട്ട നേപ്പാൾ വിമാന അപകടം മനുഷ്യ പിഴവ് മൂലമെന്ന് കണ്ടെത്തൽ

0

 

 

 

കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 72 പേരുടെ മരണത്തിനിടയാക്കിയ യെതി എയർലൈൻസിന്റെ വിമാനം തകർന്നത് മനുഷ്യ പിഴവ് മൂലമെന്ന് റിപ്പോർട്ട്. അഞ്ചംഗ അന്വേഷണ കമ്മീഷൻ വ്യാഴാഴ്ച സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വിമാനം തകർന്നത് മനുഷ്യ പിഴവ് മൂലമാണെന്ന് വ്യക്തമാക്കിയതായി നേപ്പാളിന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

 

വിമാനാപകടം നടന്ന ദിവസം തന്നെ സർക്കാർ അഞ്ചംഗ അന്വേഷണ കമ്മീഷനെ രൂപീകരിച്ചിരുന്നു. മുൻ സെക്രട്ടറി നാഗേന്ദ്ര പ്രസാദ് ഗിമിറെയുടെ ഏകോപനത്തിൽ രൂപീകരിച്ച കമ്മീഷൻ സാംസ്കാരിക, ടൂറിസം, വ്യോമയാന മന്ത്രി സുഡാൻ കിരാതിക്ക് റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിന് എട്ട് മാസവും മൂന്ന് ദിവസവും എടുത്തു. അന്വേഷണ കമ്മീഷന്റെ നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ മന്ത്രി കിരാതി കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയതായാണ് വിവരം.

 

നേപ്പാളി ആർമിയുടെ വിരമിച്ച ക്യാപ്റ്റൻ ദീപക് പ്രകാശ് ബസ്തോല, റിട്ടയേർഡ് ക്യാപ്റ്റൻ സുനിൽ ഥാപ്പ, എയ്‌റോനോട്ടിക്കൽ എഞ്ചിനീയർ എക്‌രാജ് ജംഗ് ഥാപ്പ, സാംസ്‌കാരിക, ടൂറിസം, സിവിൽ ഏവിയേഷൻ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ബുദ്ധി സാഗർ ലാമിച്ചനെ എന്നിവരാണ് അന്വേഷണ കമ്മീഷനിലെ അംഗങ്ങൾ.

 

ജനുവരി 15-നാണ് ജീവനക്കാരടക്കം 72 പേരുടെ മരണത്തിനിടയായ വിമാന അപകടം നേപ്പാളിൽ നടന്നത്. പൊഖാറയിൽ ലാൻഡിങ്ങിന് തൊട്ടുമുമ്പ് യെതി എയർലൈൻസിന്റെ 9N-ANC ATR-72 വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകർന്ന് വീഴുകയായിരുന്നു. ദുരന്തത്തിൽ മരിച്ചവരിൽ അഞ്ച് ഇന്ത്യക്കാരുമുണ്ടായിരുന്നു.

 

അഭിഷേക് കുശ്‌വാഹ (25), ബിഷാൽ ശർമ (22), അനിൽ കുമാർ രാജ്ഭാർ (27) സോനു ജെയ്‌സ്വാൾ (35), സഞ്ജയ ജയ്‌സ്വാൾ (26) എന്നീ ഇന്ത്യക്കാരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

Leave a Reply