സെനറ്റ് നാമനിര്‍ദേശം; സര്‍വകലാശാല നടപടികളുടെ ഫയലുകളും രേഖകളും ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്ക് കത്ത്

0

തിരുവനന്തപുരം: കേരളാ സര്‍വകലാശാല സെനറ്റ് നാമനിര്‍ദേശവുമായി ബന്ധപ്പെട്ട വസ്തുത വ്യക്തമാക്കണമെന്ന ആവശ്യവുമായി സര്‍വകലാശാല സിന്‍ഡിക്കേറ്റ്. സര്‍വകലാശാല നടപടികളുടെ ഫയലുകളും രേഖകളും ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കി. സിന്‍ഡിക്കേറ്റ് അംഗം ഷിജൂഖാനാണ് വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കിയത്. സര്‍വകലാശാലയുടെ പട്ടിക ചാന്‍സലര്‍ക്ക് കൈമാറിയതിന്റെ രേഖകളും ആവശ്യപ്പെട്ടു. ചാന്‍സലറും സര്‍വകലാശാലയും തമ്മിലുള്ള കത്തിടപാടുകള്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഹാജരാക്കണമെന്നാണ് ആവശ്യം.

 

നേരത്തെ സര്‍വകലാശാല നല്‍കിയ പട്ടികയിലുള്ളവരെ പരിഗണിക്കാതെ ഗവര്‍ണര്‍ യോഗ്യതയില്ലാത്ത വിദ്യാര്‍ത്ഥി പ്രതിനിധികളെ സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിന്‍ഡിക്കേറ്റിന്റെ ആവശ്യം. കേരള സര്‍വകലാശാല നിയമപ്രകാരം ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളില്‍ ഉന്നത മികവ് പുലര്‍ത്തുന്ന നാല് പേരെ ചാന്‍സലറായ ഗവര്‍ണര്‍ക്ക് സെനറ്റിലേക്ക് ശുപാര്‍ശ ചെയ്യാം. സര്‍വകലാശാലയില്‍ നിന്ന് നല്‍കുന്ന പട്ടികയിലെ യോഗ്യരായ വിദ്യാര്‍ത്ഥികളെ ചാന്‍സലര്‍ നാമനിര്‍ദേശം ചെയ്യുന്നതാണ് കീഴ്വഴക്കം. ഇത് പ്രകാരം നാല് പേരുടെ ഒഴിവിലേക്ക് സര്‍വകലാശാല എട്ട് പേരുടെ ലിസ്റ്റ് നല്‍കിയിരുന്നു. മാനവിക വിഷയങ്ങളില്‍ ഒന്നാം റാങ്കുകാരായ നാല് വിദ്യാര്‍ത്ഥികള്‍, സയന്‍സ് വിഭാഗത്തില്‍ ബിഎസ്സി കണക്ക്, കമ്പ്യൂട്ടര്‍ സയന്‍സ് ഒന്നാം റാങ്ക് ജേതാക്കള്‍, കേരളാ സര്‍വകലാശാലാ കലാപ്രതിഭ, ഒപ്പം കായിക മേഖലയില്‍ നിന്ന് ദേശീയ ഇന്റര്‍ യൂണിവേഴ്‌സിറ്റി വടംവലിയില്‍ മെഡല്‍ ജേതാവ്, ഇവരായിരുന്നു സര്‍വകലാശാലാ ലിസ്റ്റില്‍ ഉണ്ടായിരുന്നത്.

 

ഈ ലിസ്റ്റിലെ എട്ട് പേരില്‍ ഒരാളെയും പരിഗണിക്കാതെയാണ് ചാന്‍സലര്‍ വിദ്യാര്‍ഥികളെ ശുപാര്‍ശ ചെയ്തത്. അക്കാദമിക് യോഗ്യതയുടെ പേരില്‍ സെനറ്റില്‍ എത്തിയ ധനുവച്ചപുരം എന്‍എസ്എസ് കോളേജിലെ വിദ്യാര്‍ത്ഥിയായ അഭിഷേക് ഡി നായരുടെ പരീക്ഷാ ഫലം പോലും പുറത്ത് വന്നിട്ടില്ല. ആറ് ഒന്നാം റാങ്ക് ജേതാക്കളെ തള്ളി ബി, സി ഗ്രേഡുകള്‍ ലഭിച്ച എംസിഎ വിദ്യാര്‍ഥി ധ്രുവിന്‍ എസ് എല്‍നെയും ഗവര്‍ണര്‍ സെനറ്റില്‍ എത്തിച്ചു. കായിക മേഖലയില്‍ നിന്ന് സെനറ്റിലേക്കെത്തിയ സുധി സദന്റെ യോഗ്യത ദേശീയ മെഡല്‍ ജേതാവായ സര്‍വകലാശാലാ ലിസ്റ്റിലെ അവന്ത് സെന്‍ എന്ന വിദ്യാര്‍ത്ഥിയെക്കാള്‍ താഴെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here