‘എണ്ണി എണ്ണി കണക്കു തീർക്കാൻ മറുഭാഗവുമുണ്ടാകും.. നോക്കിക്കോ’; സതീശനെതിരെ ഇ.പി. ജയരാജൻ

0

 

 

കണ്ണൂർ : യുത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്‌ഘാടനം ചെയ്ത് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സിപിഎം നേതാവ് ഇ.പി. ജയരാജൻ. പ്രവർത്തകരെ തല്ലിയവര്‍ക്കെതിരെ ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ എണ്ണിയെണ്ണി തിരിച്ചടിക്കുമെന്ന വി.ഡി. സതീശന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ഇ.പി. രംഗത്തെത്തിയത്. സതീശൻ ഗുണ്ടായിസം വ്യാപിപ്പിക്കുകയാണെന്ന് ജയരാജന്‍ പറഞ്ഞു. എണ്ണിയെണ്ണി അടിക്കാന്‍ വന്നാല്‍ എല്ലാവരും പുറംകാണിച്ച് നില്‍ക്കില്ല. അടിച്ചാല്‍ കൊല്ലത്തും കിട്ടുമെന്നത് എല്ലാവര്‍ക്കും ബാധകമെന്നും ജയരാജൻ പറഞ്ഞു. അടിച്ചാല്‍ തിരിച്ചടിക്കരുതെന്ന നിലപാട് തിരുത്തുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറ‍ഞ്ഞിരുന്നു.

 

‘‘സതീശൻ പത്രസമ്മേളനം നടത്തി എണ്ണി എണ്ണി തിരിച്ചടിക്കാൻ പുറപ്പെടുമ്പോൾ സതീശാ എണ്ണി എണ്ണി കണക്കു തീർക്കാൻ മറുഭാഗവുമുണ്ടാകും നോക്കിക്കോ. അഹങ്കാരത്തിനും ധിക്കാരത്തിനും ഒരു പരിധിയുണ്ട്. അതുകൊണ്ട് ഇരിക്കുന്ന സ്ഥാനത്തെ കുറിച്ചാലോചിച്ചേ പ്രഖ്യാപനം നടത്താവൂ. നിങ്ങൾ അടിക്കാൻ വരുമ്പോൾ എല്ലാവരും പുറംകാണിച്ചു തരുമെന്ന് ധരിക്കേണ്ട. ആ പ്രഖ്യാപനം തന്നെ സംഘര്‍ഷവും സംഘട്ടനവും ഉണ്ടാക്കാനാണ്. കേരളത്തിന്റെ പ്രതിപക്ഷ നേതാവാണെന്നു മനസ്സിലാക്കി പിന്തിരിയുക’’– ഇ.പി. ജയരാജൻ പറഞ്ഞു.

 

ഇന്ത്യൻ പാർലമെന്റിൽ 146 പ്രതിപക്ഷ എംപിമാരെ ബിജെപി ഗവൺമെന്റ് പുറത്താക്കിയിരിക്കുകയാണ്. അതാണിന്ന് കേരളത്തിന്റെയും ഇന്ത്യയുടെയും പ്രശ്നം. വി.ഡി സതീശന് അതേകുറിച്ച് ഒന്നും പറയാനില്ലേ എന്നും ജയരാജൻ ചോദിച്ചു. കേരളത്തിലെ കോൺഗ്രസ് എംപിമാരിൽ ഭൂരിഭാഗത്തെയും പുറത്താക്കി. പാർലമെന്റ് അംഗങ്ങളെ മുഴുവൻ പുറത്താക്കുന്നത് ഒരു ഫാസിസ്റ്റ് ഭരണ രീതിയുടെ ലക്ഷണമാണ്. ഇതിനെ പ്രതിരോധിക്കാനുള്ള നിലപാടാണ് ഇന്ത്യക്ക് ആവശ്യം. അതിനു പകരം തെരുവിലിറങ്ങും അടിച്ചോടിക്കും എന്നുള്ള പ്രഖ്യാപനമല്ല പ്രതിപക്ഷ നേതാവേ ഇപ്പോൾ ജനങ്ങൾക്കു വേണ്ടത്. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here