കുസാറ്റ് ദുരന്തം; ചില സംവിധാനങ്ങൾക്ക് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി

0

 

കൊച്ചി: കുസാറ്റ് ദുരന്തത്തിൽ ചില സംവിധാനങ്ങൾക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ഹൈക്കോടതി. അത് വേദനിപ്പിക്കുന്നതാണ്. എല്ലാ ജീവനുകളും വിലപ്പെട്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. നിലവിൽ നടക്കുന്ന അന്വേഷണങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി.കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ ആവശ്യപ്പെട്ട് കെഎസ് യു നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

കുസാറ്റ് ദുരന്തത്തിൽ ഈ ഘട്ടത്തിൽ ആരെയും കുറ്റം പറയുന്നില്ല. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തണം. സർക്കാരും സർവകലാശാലയും നടത്തുന്ന അന്വേഷണ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശം നൽകി. ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹൈക്കോടതിയെ സമീപിച്ചത്. സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രിൻസിപ്പളിന്റെ കത്ത് സർവകലാശാല രജിസ്ട്രാർ അവഗണിച്ചു. ഇതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും ഹർജിയിൽ ആരോപിക്കുന്നു. സർവകലാശാലകളിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാർഗനിർദേശങ്ങൾ അവഗണിച്ചെന്നും ഹർജിയിൽ പറയുന്നു. ദുരന്തത്തിൽ മൂന്ന് വിദ്യാർത്ഥികൾ അടക്കം നാലുപേരാണ് മരിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here