എസ്എഫ്‌ഐ പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍

0

 

ദില്ലി:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തിരുവനന്തപുരത്തുണ്ടായ എസ്എഫ്‌ഐ പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. വിഷയത്തില്‍ ഗവര്‍ണറെ പിന്തുണച്ചുകൊണ്ടാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ ശശി തരൂരിന്റെ പ്രതികരണം. ഗവര്‍ണറെ തടഞ്ഞത് എസ്എഫ്‌ഐ ഗുണ്ടകളാണെന്നും മാനംകെട്ട പ്രവര്‍ത്തിയാണെന്നും ശശി തരൂര്‍ വിമര്‍ശിച്ചു.

 

തിരുവനന്തപുരത്ത് ഗവര്‍ണ്ണര്‍ക്ക് എതിരായ എസ് എഫ് ഐ പ്രതിഷേധത്തിലും സംഘര്‍ഷത്തിലും രാജ് ഭവന്‍ സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടിയെക്കും. കാറിന് മേല്‍ പ്രതിഷേധക്കാര്‍ ചാടി വീണ സംഭവത്തില്‍ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്ന് ഗവര്‍ണര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടേക്കും. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ ദില്ലിയിലും സുരക്ഷ കൂട്ടും ഗവര്‍ണര്‍ക്ക് അകമ്പടിയായി ദില്ലി പൊലീസിന്റെ രണ്ടംഗ കമാന്‍ഡോ സംഘത്തെയും ഉള്‍പ്പെടുത്തും. ഇതിനിടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ അടക്കം ചേര്‍ത്ത് സിറ്റി പൊലീസ് കമ്മീഷണര്‍ ഇന്ന് എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും. ഗവര്‍ണര്‍ക്ക് എതിരായ പ്രതിഷേധം തുടരുമെന്നാണ് എസ് എഫ് ഐ നിലപാട്. ഗവര്‍ണര്‍ നടു റോഡില്‍ ഇറങ്ങി സുരക്ഷ പ്രശ്‌നം ഉന്നയിച്ചത് സര്‍ക്കാറിനെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫിന്റെയും ബിജെപിയുടെയും തീരുമാനം.

 

രാജ്ഭവനില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള ഗവര്‍ണ്ണറുടെ യാത്രക്കിടെയായിരുന്നു അസാധാരണവും നാടകീയവുമായ സംഭവങ്ങള്‍ അരങ്ങേറിയത്. പൊലീസ് സുരക്ഷയോടെയായിരുന്നു ഗവര്‍ണറുടെ യാത്ര. മൂന്നിടത്ത് ഗവര്‍ണ്ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായി. ആദ്യം പാളയത്ത് എസ്എഫ്‌ഐക്കാര്‍ ഗവര്‍ണ്ണറുടെ വാഹനത്തിലിടിച്ച് വരെ പ്രതിഷേധിച്ചു.സംഭവത്തില്‍ കാറില്‍നിന്നും ഇറങ്ങി പ്രതിഷേധിച്ച ഗവര്‍ണറുടെ രോഷം മനസിലാക്കാവുന്നതാണെന്നും കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ പൊലീസ് നിയമലംഘനത്തിന് ഏജന്റുമാരാകുന്നുവെന്നും ശശി തരൂര്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളെ കൈയേറ്റം ചെയ്യാന്‍ അനുവദിക്കുന്നതിനിടെയാണ് ഗവര്‍ണറെ ആക്രമിക്കാന്‍ പൊലീസ് അനുമതി നല്‍കി. ലജ്ജാകരമായ നടപടിയാണിതെന്നും ശശി തരൂര്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here