കണ്ണൂര്‍ വി സി പുനർനിയമനം സുപ്രീംകോടതി റദ്ദാക്കി

0

കണ്ണൂര്‍ സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് ജെ ബി പർദിവാലയാണ് വിധി പ്രസ്താവിച്ചത്. വി സി നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പുനര്‍നിയമനം ശരിവെച്ച ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.

 

ഹർജിക്കാരുടെ അപ്പീൽ അനുവദിച്ചിരിക്കുന്നു എന്ന് കോടതി പറഞ്ഞു. വിഷയത്തിൽ നാല് ചോദ്യങ്ങളാണ് പരി​ശോധിച്ചതെന്ന് കോടതി പറഞ്ഞു. വിസിയുടെ പുനർ നിയമനം സാധ്യമാണോ എന്നതാണ് ഒന്നാമത്തേത്. അത് സാധ്യമാണെന്ന് കോടതി കണ്ടെത്തി. വി സി പുനർനിയമനത്തിന് പ്രായപരിധി ബാധകമാകുമോ എന്നാണ് രണ്ടാമത് പരിശോധിച്ചത്. 60 വയസ് പ്രായപരിധി ഇല്ല എന്ന് ഇക്കാര്യത്തിൽ കോടതി തീരുമാനത്തിലെത്തി. 60 വയസ് കഴിഞ്ഞവരെയും നിയമിക്കാമെന്ന് കോടതി വ്യക്തമാക്കി. ​ഗവർണർ ചാൻ‌സലർ എന്ന രീതിയിലാണ് ഈ നിയമനം നടത്തേണ്ടത്. എന്നാൽ, തനിക്ക് മേൽ ഇക്കാര്യത്തിൽ വലിയ സമ്മർദ്ദമുണ്ടായെന്ന് ​ഗവർണർ തന്നെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിയുമൊക്കെ തനിക്ക് കത്തെഴുതി. ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ പുനർനിയമനത്തിന് അനുമതി നൽകിയതെന്നും ​ഗവർ‌ണർ‌ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ​ഗവർണർ എന്ന നിമന അതോറിറ്റി ബാഹ്യശക്തികൾക്ക് വഴങ്ങി എന്നാണ് മനസിലാക്കേണ്ടത്. അത്തരത്തിലൊരു നിയമനം ചട്ടവിരുദ്ധമാണ് എന്നാണ് വിലയിരുത്തൽ. ഈ നിയമനരീതിയെ ചോദ്യം ചെയ്തുകൊണ്ടാണ് നടപടി റദ്ദാക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

 

കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂര്‍ വിസിയുടെ ആദ്യനിയമനം യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതിനാല്‍ പുനര്‍ നിയമനം നിലനില്‍ക്കില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ചട്ടങ്ങള്‍ ലംഘിച്ചാണ് പുനര്‍നിയമനം. ഉത്തരവില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായി. 60 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ലെന്ന ചട്ടം മറികടന്നാണ് നിയമനം തുടങ്ങിയ വാദങ്ങള്‍ ആണ് ഹര്‍ജിക്കാര്‍ ഉയര്‍ത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here