കളമശ്ശേരി സ്ഫോടനം; പ്രതി മാര്‍ട്ടിന്‍റെ തിരിച്ചറിയല്‍ പരേഡിന് അപേക്ഷ നല്‍കും

0

കൊച്ചി: കളമശേരി സ്ഫോടനക്കേസിൽ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍റെ തിരിച്ചറിയൽ പരേഡിന് പൊലീസ് ഇന്ന് അപേക്ഷ നൽകും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക. അപകട സമയം കൺവെൻഷനിൽ പങ്കെടുത്തവരെ കാക്കനാട് ജയിലിൽ എത്തിച്ച് പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തും.

മാർട്ടിൻ കുറ്റകൃത്യങ്ങളുടെ വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ ഇന്ന് ഫോറെൻസിക്ക് പരിശോധനയ്ക്കായി കൈമാറും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്.നവംബർ 29 വരെയാണ് മാർട്ടിന്റെ റിമാൻഡ് കാലാവധി. ഈ സമയം കൊണ്ട് കൂടുതൽ തെളിവുകളും സാക്ഷി മൊഴികളും കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം.

മാർട്ടിൻ വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്തെ വിവരങ്ങളും തേടുന്നുണ്ട്.കളമശ്ശേരി ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തത് വിദേശത്തെന്ന് പ്രതി മൊഴി നൽകിയിരുന്നു.ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിലാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത് വിദേശത്തെന്ന് പ്രതി മൊഴി നൽകിയത്. പിന്നാലെ വിദേശത്തെ മാർട്ടിന്റെ പരിചയക്കാരിൽ നിന്നും അന്വേഷണ സംഘം പ്രാഥമിക വിവരശേഖരണം നടത്തി.

ഇതിനിടെ സ്‌ഫോടനം നടത്തിയതിന്റെ തലേദിവസം രാത്രിയിൽ മാർട്ടിന്റെ ഫോണിലേക്ക് ഒരു കോൾ വന്നതായി ഭാര്യ പൊലീസിന് മൊഴി നൽകി. ഇത് ആരെന്ന് ചോദിച്ച തന്നോട് ദേഷ്യപ്പെട്ടതായും നാളെ രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ടെന്നും അത് കഴിഞ്ഞശേഷം പറയാമെന്നും പറഞ്ഞു. സ്‌ഫോടനം നടന്നതോടെയാണ് ഇക്കാര്യം താൻ വീണ്ടും ഓർത്തതെന്നും മൊഴിയിലുണ്ട്.

 

കളമശ്ശേരി സ്ഫോടന കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി പ്രതിയെ റിമാന്‍ഡില്‍ വിട്ടത്. മാര്‍ട്ടിനെ കാക്കനാട് ജില്ലാ ജയിലിലേക്കാണ് മാറ്റിയത്. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ റിമാൻഡിൽ വിട്ടത്. കേസില്‍ അഭിഭാഷകന്‍റെ സേവനം വേണ്ടെന്ന് പ്രതി ഡൊമിനിക്ക് മാർട്ടിന്‍ കോടതിയില്‍ പറഞ്ഞു. കേസ് സ്വയം കേസ് വാദിക്കാമെന്നാണ് പ്രതി കോടതിയെ അറിയിച്ചത്. പൊലീസിനെതിരെ പരാതിയില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here