റോബിൻ ബസ് വിവാദത്തിൽ പ്രതികരിച്ച് കെ ബി ഗണേഷ് കുമാർ. വാഹന ഉടമ കോടതിയിൽ പോയി അനുമതി വാങ്ങണമെന്ന് കെ ബി ഗണേഷ്‌കുമാർ പ്രതികരിച്ചു. വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല. ബസ് ഓടിക്കാൻ കോടതി അനുമതി നൽകിയാൽ പിന്നെ ആരും ചോദിക്കില്ല. നിയമലംഘനം ഉണ്ടായത് കൊണ്ടാണ് തമിഴ്‌നാട്ടിലും ഫൈൻ ഈടാക്കിയതെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.
തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് റോബിൻ ബസ് ഉടമ ഇന്ന് കത്ത് നൽകും. ഗാന്ധിപുരംആർടി ഓഫീസിലെത്തിയാണ് റോബിൻ ബസ് ഉടമ ഗിരീഷ് കത്ത് നൽകുക. ഓഫീസ് അവധിയായതിനാൽ മോട്ടോർ വെഹിക്കിൾ ഡയറക്ടർ എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്‌നാട് ആർടിഒ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസുടമ കത്ത് നൽകുന്നത്. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് റോബിൻ ബസ് പിടിച്ചെടുത്തത്.