വിഴിഞ്ഞത്തെ ആശങ്ക ഒഴിയുന്നു ; കടൽ ശാന്തമെങ്കിൽ ഉടൻ ക്രയ്നുകൾ ഇറക്കും , ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് കരയിലിറങ്ങാന്‍ അനുമതി

0

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ കപ്പലിലെ ക്രെയിനുകള്‍ ഇറക്കുന്നതിലെ അനിശ്ചിത്വം നീങ്ങുന്നു. ചൈനീസ് കപ്പലായ ഷെന്‍ ഹുവ-15ലെ മുഴുവന്‍ ജീവനക്കാര്‍ക്ക് കരയിലിറങ്ങാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ആഘോഷപൂര്‍വം സ്വീകരണം നല്‍കി നാലു ദിവസമായിട്ടും കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാര്‍ക്ക് കപ്പലില്‍നിന്ന് തുറമുഖത്തെ ബര്‍ത്തിലേക്ക് ഇറങ്ങാനുള്ള അനുമതി വൈകുന്നതിനാല്‍ ക്രെയിനുകള്‍ ഇറക്കാനായിരുന്നില്ല.ഇതുസംബന്ധിച്ച ആശങ്ക നിലനില്‍ക്കെയാണ് അനുമതി ലഭിച്ചതായി മന്ത്രി അറിയിച്ചത്.

കപ്പലിലെ രണ്ടു പേര്‍ക്കാണ് ആദ്യം എഫ്ആര്‍ആര്‍ഒ അനുമതി ലഭിച്ചത്. പിന്നീട് കപ്പലിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അനുമതി ലഭിച്ചതായുള്ള വിവരം അധികൃതര്‍ അറിയിക്കുകയായിരുന്നു.
സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്നും മുബൈയില്‍നിന്നുള്ള കമ്പനിയുടെ വിദഗ്ധരും ഉടനെത്തും കാലാവസ്ഥ കൂടി അനുകൂലമായാല്‍ വിഴിഞ്ഞത്ത് കപ്പലില്‍നിന്ന് ക്രെയിന്‍ ബര്‍ത്തില്‍ ഇറക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

കപ്പലിലെ ജീവനക്കാരുടെ ഇമിഗ്രേഷൻ ക്ലിയറൻസിനായി അദാനി ഗ്രൂപ്പും സംസ്ഥാന സർക്കാരും സമ്മർദ്ദം ശക്തമാക്കിയിരുന്നു. നിലവില്‍ വിഴിഞ്ഞത്ത് കടല്‍ പ്രക്ഷുബ്ദമാണ്. അതിനാല്‍ തന്നെ കാലാവസ്ഥ അനുകൂലമായാലെ ക്രെയിന്‍ ഇറക്കുന്ന നടപടി ആരംഭിക്കാനാകു.

LEAVE A REPLY

Please enter your comment!
Please enter your name here