കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; പി.ആര്‍ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി

0

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഐഎം പ്രാദേശിക നേതാവുമായ പി ആര്‍ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി. രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് ഇഡി ഇന്ന് അപേക്ഷ നല്‍കും. പി ആര്‍ അരവിന്ദാക്ഷന്റെ വിദേശയാത്ര, ബാങ്ക് നിക്ഷേപം സംബന്ധിച്ച വിവരശേഖരണത്തിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.

അതേസമയം പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി ടി ആര്‍ രാജനെ ഇന്നും ചോദ്യം ചെയ്യും. ബാങ്കിലെ കൂടുതൽ രേഖകൾ ഹാജരാക്കാന്‍ നിർദേശമുണ്ട്. അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് മുന്നോടിയായാണ് നടപടി. അരവിന്ദാക്ഷന്റെയും അമ്മയുടെയും ബാങ്കിലെ നിക്ഷേപം സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍.കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ ഇടനിലക്കാരനായി നിന്നത് അരവിന്ദാക്ഷനാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.

അതിനിടെ കരുവന്നൂര്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്തെത്തി. ജയരാജന്‍ പി., മുകുന്ദന്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി പണം കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് ഇ.ഡി. പ്രത്യേക കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം കരുവന്നൂര്‍ ബാങ്ക് ആവശ്യപ്പെട്ടാല്‍ വായ്പയെടുത്തവരുടെ ആധാരങ്ങള്‍ തിരികെ നല്‍കാമെന്നും ഇ.ഡി. വ്യക്തമാക്കി.

കരുവന്നൂരിലെ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ പി. സതീഷ് കുമാര്‍ പണം കൈമാറ്റം ചെയ്യുന്നതിനായി രണ്ട് അക്കൗണ്ടുകള്‍ കൂടി ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. ജയരാജന്‍ പി., മുകുന്ദന്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം എത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ആരൊക്കെയാണെന്ന് ഇ.ഡി. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. മുകുന്ദന്‍ മുഖ്യപ്രതി സതീഷിന്റെ അടുത്ത ബന്ധുവാണ്. ജയരാജന്‍ വിദേശത്തുള്ള ആളാണെന്നും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here