വിനായകനെ ജാമ്യത്തിൽ വിട്ടത് സഖാവായതിന്റെ പ്രിവിലേജാണോ? ഉമ തോമസ് എംഎൽഎ

0

പോലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയ വിനായകനെ ദുർബലമായ വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടത് സഖാവായതിന്റെ പ്രിവിലേജാണോ എന്ന് തൃക്കാക്കര എംഎൽഎ ഉമ തോമസ്. അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്നും അവർ ഫെയിസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. അത് എന്തു തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതു കൂടിയാണെന്നും അവർ കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച വൈകിട്ട് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് നടൻ വിനായകൻ മദ്യലഹരിയിൽ ബഹളമുണ്ടാക്കിയത്. ഇതേത്തുടർന്ന് നടനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. ഭാര്യയുമായി വഴക്കിട്ടതിനെത്തുടർന്ന് വിനായകൻ ഫ്ളാറ്റിലേക്ക് പോലീസിനെ വിളിച്ചു വരുത്തിയിരുന്നു. ഫ്ളാറ്റിലെത്തിയ പോലീസുകാരുമായി വിനായകൻ വാക്കുതർക്കത്തിലായി.

തുടർന്ന് വൈകുന്നേരത്തോടെ നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയ വിനായകൻ ബഹളമുണ്ടാക്കുകയായിരുന്നു. മദ്യലഹരിയിൽ പൊതുസ്ഥലത്ത് നിയന്ത്രണമില്ലാതെ പെരുമാറിയതിനും പോലീസ് സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെടുത്തിയതിനും കേസെടുത്താണ് വിനായകനെ അറസ്റ്റ് ചെയ്തത്. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഉമ തോമസിന്റെ പോസ്റ്റ് വായിക്കാം

എറണാകുളം നോർത്ത് സ്റ്റേഷനിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന SHO ഉൾപ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്.. ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജാണോ’, അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ട്.. അത് എന്ത് തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പോലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ.

LEAVE A REPLY

Please enter your comment!
Please enter your name here