എലിവേറ്റിൽ ക്ലച്ച് പിടിച്ച് ഹോണ്ട; വിൽപ്പനയിൽ 13% വർധന

0

2023 സെപ്റ്റംബറിൽ ഹോണ്ട കാർസ് ഇന്ത്യയുടെ പ്രതിമാസ ആഭ്യന്തര വിൽപ്പന 9,861 യൂണിറ്റ് രേഖപ്പെടുത്തി. വാർഷിക വിൽപ്പനയിൽ 13 ശതമാനം വളർച്ചയാണ് ബ്രാൻഡിന് ഉണ്ടായത്. പുതുതായി പുറത്തിറക്കിയ ഹോണ്ട എലിവേറ്റാണ് ബ്രാൻഡിന്റെ വിൽപ്പനയിൽ ഗണ്യമായ വർധനവിന് പിന്നിലെ പ്രധാന കാരണം. നീണ്ട ഏഴ് വർഷത്തിന് ശേഷമാണ് ഹോണ്ട ഇന്ത്യയിൽ ഒരു പുത്തൻ മോഡൽ അവതരിപ്പിച്ചത്.

എലിവേറ്റിന് വിപണിയിൽ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 11 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയുള്ള എലിവേറ്റ്, ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും താങ്ങാനാവുന്ന മിഡ് സൈസ് എസ്‌യുവിയാണ്. വാഹനത്തിന്റെ ഡെലിവറി 2023 സെപ്റ്റംബർ മുതൽ തന്നെ ഹോണ്ട ആരംഭിച്ചിരുന്നു. ഹോണ്ട എലിവേറ്റിന്റെ ലോഞ്ചിംഗിലൂടെ ഹോണ്ട കാർസ് ഇന്ത്യ ഒരു ആവേശകരമായ ഘട്ടത്തിലാണ് എന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് & സെയിൽസ് ഡയറക്ടർ ശ്രീ യുചി മുറാത പറഞ്ഞു.

2022 സെപ്റ്റംബറിലെ കണക്ക് പ്രകാരം കമ്പനി ആഭ്യന്തര വിപണിയിൽ 8,714 യൂണിറ്റുകൾ വിൽക്കുകയും 2,333 യൂണിറ്റുകൾ കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം 1,310 യൂണിറ്റുകളോളം കമ്പനി കയറ്റുമതിയും ചെയ്തിട്ടുണ്ട്. ഹോണ്ട സിറ്റിയും അമേസും അതത് സെഗ്‌മെന്റുകളിൽ മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നത് തുടരുന്നുണ്ട്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റർ എന്നിവയ്‌ക്കെതിരെയാണ് പുതിയ ഹോണ്ട എലിവേറ്റ് മത്സരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here