ലൈസൻസ് സസ്‌പെൻഡ് ചെയ്തതിന് ശേഷം വീണ്ടും സ്കൂൾ ബസ് ഓടിച്ചു; ഡ്രൈവറിനും സ്കൂളിനും പിഴയിട്ട് എംവിഡി

0

കോഴിക്കോട്: ലൈസൻസ് സസ്‌പെൻഡ് ചെയ്‌തതിന്‌ ശേഷവും സ്കൂൾബസുമായി റോഡിലിറങ്ങിയതിന് നടപടിയെടുത്ത് മോട്ടോർ വാഹനവകുപ്പ്. കോഴിക്കോട് ഫറോക്കില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ ഡ്രൈവറെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ക്കും സ്‌കൂളിനും 5,000 രൂപവീതം പിഴ ചുമത്തി. കൊണ്ടോട്ടി പുളിക്കലിലെ ഫ്‌ളോറീറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ബസ് ഡ്രൈവര്‍ കണ്ണനെതിരെയാണ് നടപടിയെടുത്തത്.

കഴിഞ്ഞമാസം ഇതേ സ്‌കൂള്‍ ബസ് ഓടിച്ച് ട്രാഫിക് നിയമലംഘനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് കണ്ണന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. വണ്‍വേ ട്രാഫിക് നിയമം ലംഘിച്ച് മറ്റൊരു വാഹനത്തിന് തടസ്സമുണ്ടാക്കിയതായിരുന്നു കേസ്. ഇതേ ഡ്രൈവറെക്കൊണ്ടുതന്നെ അധികൃതര്‍ തുടർന്നും സ്‌കൂള്‍ വാഹനം ഓടിപ്പിക്കുകയായിരുന്നു.

വൈകീട്ട് സ്‌കൂള്‍ വിട്ട് വരുന്ന സമയത്ത് പരിശോധന നടത്തുകയായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത ഡ്രൈവറെത്തന്നെ ബസ്സില്‍ കണ്ടതോടെ വാഹനം നിര്‍ത്തിച്ച് പുറത്തിറക്കി. പിന്നീട് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍തന്നെ ബസ്സില്‍ കുട്ടികളെ വീട്ടിലെത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here