ആറാം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദനം: മന്ത്രിമാർ അടിയന്തര റിപ്പോർട്ട് തേടി

0

കൊല്ലം: കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ ട്യൂഷൻ സെന്റർ അധ്യാപകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി മന്ത്രിമാരായ വീണാ ജോർജും വി ശിവൻകുട്ടിയും. ഉന്നതലതല ഉദ്യോഗസ്ഥർ സന്ദർശിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. സംഭവം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.

 

ഇംപോസിഷൻ എഴുതിയെന്ന് കള്ളം പറഞ്ഞെന്ന് ആരോപിച്ചാണ് മർദ്ദനം. ‘ഇംപോസിഷൻ എഴുതാത്തതിന് നിർത്താതെ അടിച്ചു. കരഞ്ഞാൽ വീണ്ടും അടിക്കും, അതുകൊണ്ട് ഞാൻ കരയാതെ പിടിച്ചു നിന്നു. കരയെടാ കരയെടാ എന്ന് പറഞ്ഞ് പിന്നേയും അടിച്ചു’- അദ്വൈദ് പറഞ്ഞു.

 

‘ഞങ്ങളും അടികൊണ്ടാണ് വളർന്നത്. പക്ഷേ ഇതിനെ അടിയെന്ന് പറയാൻ പറ്റില്ല. ക്രൂരമർദനമാണ് നടന്നത്. മകൻ തലവേദനയെ തുടർന്ന് എംആർഐ എല്ലാം കഴിഞ്ഞ് ചികിത്സയിലിരിക്കുകയാണ്. ഇക്കാര്യം റിയാസ് സാറിനും അറിയാം. എന്നിട്ടാണ് മോനെ മർദിച്ചത്’ -മാതാപിതാക്കൾ പറയുന്നു. ഇതിന് മുൻപും റിയാസ് എന്ന അധ്യാപകൻ മകനെ ചൂരൽ കൊണ്ട് അടിച്ചിട്ടുണ്ട്, എന്നാൽ അന്ന് പഠിക്കാതിരുന്നതുകൊണ്ടല്ലെ അടിച്ചതെന്ന് പറഞ്ഞ് താൻ സമാധാനിപ്പിച്ചുവെന്നും പക്ഷേ നിലവിൽ കുഞ്ഞിന് കിട്ടിയ മർദനം സഹിക്കാവുന്നതിലും അപ്പുറമാണെന്നും മാതാവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here