വനംവകുപ്പ് ചോദ്യം ചെയ്ത് വിട്ടയച്ചയാളെ മരിച്ചനിലയിൽ കണ്ടെത്തി; സജീവന്റെ മരണത്തിന് ഉത്തരവാദികൾ വനംവകുപ്പ് ഉദ്യോഗസ്ഥരെന്ന് ബന്ധുക്കൾ: കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ

0


പാലക്കാട്: വനംവകുപ്പു ചോദ്യം ചെയ്തു വിട്ടയച്ച ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. ഓടംതോട് കാനാട്ട് വീട്ടിൽ സജീവ് (54) ആണു മരിച്ചത്. ഞായറാഴ്ച രാവിലെ കവളുപാറയിലുള്ള തോട്ടത്തിൽ റബർ ടാപ്പിങ്ങിനു പോയ സജീവൻ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുക ആയിരുന്നു. റബർ തോട്ടത്തിൽ ചത്ത നിലയിൽ പുലിയെ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു വനംവകുപ്പ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. കേസിൽ കുടുക്കുമെന്ന് പറഞ്ഞഅ ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു. ഇതിലെ സമ്മർദ്ദമാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്.

റബർ ടാപ്പിങ്ങ് കഴിഞ്ഞ് സാധാരണ ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരിച്ചെത്തുന്ന സജീവിനെ കാണാതായപ്പോൾ വീട്ടുകാർ ഫോൺ ചെയ്‌തെങ്കിലും എടുക്കാഞ്ഞതിനെത്തുടർന്ന് സഹോദരൻ രാജീവും സുഹൃത്തുക്കളും വൈകിട്ട് നാലരയോടെ കവളുപാറയിലെ തോട്ടത്തിലെത്തിയപ്പോഴാണ് വീടിന്റെ മുൻഭാഗത്തെ തിണ്ണയിൽ സജീവ് കിടക്കുന്നതായി കണ്ടത്. ഉടനെ മംഗലംഡാമിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലത്തൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ എത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 11ന് ഓടംതോട്ടിലെ റബർ തോട്ടത്തിൽ പുലി ചത്ത സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച ഡിഎഫ്ഒ അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ സജീവിനെ ചോദ്യം ചെയ്തിരുന്നു. അഞ്ചു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ, പുലി ചത്ത സംഭവം നിങ്ങൾക്കറിയാമെന്നും കുറ്റം സമ്മതിക്കാൻ സമ്മർദം ചെലുത്തിയതായും കേസിൽ കുടുക്കുമെന്നു പറഞ്ഞതായും സജീവ് പലരോടും പറഞ്ഞതായി നാട്ടുകാർ പറയുന്നു. ഇതിനു ശേഷം സജീവ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്നു വീട്ടുകാരും പറഞ്ഞു.

എന്നാൽ, പുലി ചത്തു കിടന്ന തോട്ടത്തിലെ ടാപ്പിങ് തൊഴിലാളിയായ സജീവ് അടക്കമുള്ളവരെ സാക്ഷിമൊഴി രേഖപ്പെടുത്തലിന്റെ ഭാഗമായി നടപടിക്രമങ്ങൾ പാലിച്ചു കൊണ്ടു കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണുണ്ടായതെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മംഗലംഡാം ഡപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസർ കെ.എ. മുഹമ്മദ് ഹാഷിം അറിയിച്ചു.

സജീവിന്റെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ. ഭാര്യ: ജിഷ. മക്കൾ: അനന്തു, സൂര്യ. സഹോദരങ്ങൾ: രാജു, മോഹനൻ, രാജീവ്, ശോഭ, ലൈല.

LEAVE A REPLY

Please enter your comment!
Please enter your name here