മണിപ്പൂര്‍ സംഘര്‍ഷം:ക്രമസമാധാന പ്രശ്‌നങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി

0

ന്യൂഡല്‍ഹി : മണിപ്പൂരിലെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. സംസ്ഥാനത്തെ അതിക്രമങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭവനരഹിതരും സംഘര്‍ഷബാധിതരുമായവരുടെ പുനരധിവാസം, സേനയെ വിന്യസിക്കല്‍, മണിപ്പൂരിലെ ക്രമസമാധാന നില പരിപാലിയ്ക്കല്‍ എന്നിവയ്ക്കായി സ്വീകരിച്ച നടപടികള്‍ പട്ടികപ്പെടുത്താന്‍ സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെടുകയാണെന്ന് കേന്ദ്രത്തിനും മണിപ്പൂര്‍ സര്‍ക്കാരിനും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. വിഷയത്തില്‍ ജൂലൈ 10നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് മണിപ്പൂര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്നു തന്നെ വിഷയം വീണ്ടും പരിഗണിക്കും.

ന്യൂനപക്ഷമായ കുക്കി ഗോത്രവര്‍ഗക്കാര്‍ക്ക് സൈന്യത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട് ഒരു എന്‍ജിഒ സമര്‍പ്പിച്ച ഹരജി ഉള്‍പ്പെടെ മണിപ്പൂര്‍ അക്രമത്തെക്കുറിച്ചുള്ള ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

മെയ് 3നാണ് മണിപ്പൂരില്‍ അക്രമം ആരംഭിച്ചത്. മെയ്തി, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള വംശീയ അക്രമത്തില്‍ 120 പേര്‍ മരിച്ചിട്ടുണ്ട്. 3,000 ത്തില്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here