ജനവാസമേഖലകളിൽ കടുവ, പുലി എന്നിവ ഇറങ്ങിയാൽ പിടികൂടുകയോ വെടിവച്ചു കൊല്ലു‍കയോ ചെയ്യണമെന്ന വ്യവസ്ഥ കേരളം ഉൾപ്പെടുത്തും

0

തിരുവനന്തപുരം ∙ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തുമ്പോൾ ജനവാസമേഖലകളിൽ ഇറങ്ങുന്ന കടുവ, പുലി എന്നിവയെ പിടികൂടുകയോ വെടിവച്ചു കൊല്ലു‍കയോ ചെയ്യണമെന്ന വ്യവസ്ഥ കേരളം ഉൾപ്പെടുത്തും. ജനവാസമേഖല‍കളിലെ ശല്യക്കാരായ കാട്ടുപോത്ത്, കാട്ടുപന്നി എന്നിവയെയും ഇല്ലായ്മ ചെയ്യണമെന്ന വ്യവസ്ഥയും മുന്നോട്ടുവയ്ക്കും.
വന്യജീവി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടാൽ അതിനെ പിടികൂടുകയോ വെടിവച്ചു കൊല്ലു‍കയോ ചെയ്യാൻ ഒരു മണിക്കൂറിനകം ഉത്തരവിടാനും അതിനുള്ള അധികാരം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ (ഡിഎഫ്ഒ), വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്കു നൽകാനും ശുപാർശ ചെയ്യും. നിലവിൽ ഈ അധികാരം ചീഫ് വൈൽഡ്‌ലൈഫ് വാർഡനു മാത്രമാണ്.

ജീവനും സ്വത്തിനും നാശനഷ്ടം വരുത്തുന്ന വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലുക, മയക്കുവെടി വയ്ക്കുക, കൂടുവച്ചു പിടിക്കുക, പിടിച്ചാൽ പ്രത്യേകം പാ‍ർപ്പിക്കുക തുടങ്ങിയ നടപടികൾക്ക് 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണം. ഇതുപ്രകാരം ചീഫ് വൈൽഡ്‌ലൈഫ് വാർഡ‍നുള്ള അധികാരങ്ങൾ വിനിയോഗിക്കാൻ തടസ്സമേറെയാണ്. ഇതു മറികടക്കാനാണു ഭേദഗതി നീക്കം.

ഇതിനായി ചീഫ് സെക്രട്ടറി കൺവീനറായുള്ള ഉന്നതതല സമിതിയെ കഴിഞ്ഞ മാസം 26നു സർക്കാർ നിയോഗിച്ചിരുന്നു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നു കേരളം പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്രം ത‍യാറായാകാത്ത സാഹചര്യത്തിൽ ഈ വിഷയത്തിനും കേരളം മുൻഗണന നൽകും. 1972ലെ നിയമത്തിൽ കേന്ദ്രം കൊണ്ടുവന്ന ഭേദഗതികൾ ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here