ചെമ്മാട് ജൂവലറിയിൽ നിന്നും സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി മൂന്ന് പവൻ കവർന്ന സംഭവം; മോഷണം നടത്തിയ വീട്ടമ്മ അറസ്റ്റിൽ: സുബൈദ മറ്റ് ഇടങ്ങളിലും മോഷണ ശ്രമം നടത്തിയിരുന്നതായി പൊലീസ്

0


മലപ്പുറം: സ്വർണം വാങ്ങാനെന്ന വ്യാജേന ചെമ്മാ’ടുള്ള ജൂവലറിയിൽ എത്തിയ ശേഷം മൂന്ന് പവന്റെ സ്വർണം മോഷണം നടത്തിയ കേസിൽ കോഴിക്കോട് കുരുവട്ടൂർ സ്വദേശി സുബൈദ (50) അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ദിവസങ്ങൾക്കകം സുബൈദയെ പൊലീസ് കുടുക്കുക ആയിരുന്നു. ചെമ്മാടുള്ള തൂബ ജൂവലറിയിൽ നിന്ന് ഒന്നരപ്പവന്റെ രണ്ട് മാലകളാണ് കഴിഞ്ഞ 22ന് ഇവർ മോഷ്ടിച്ചത്. രാത്രി കട അടയ്ക്കുമ്പോൾ സ്റ്റോക്ക് പരിശോധിക്കുന്നതിനിടെയാണ് മോഷണം അറിയുന്നത്. തുടർന്ന് സിസിടിവി പരിശോധിച്ച ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു.

മാല വാങ്ങാനെന്ന വ്യാജേന എത്തിയ ഇവർ ഒന്നര പവന്റെ രണ്ട് മാലകൾ കൈക്കലാക്കി കടക്കുക ആയിരുന്നു. അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. നിരവധി മാലകളുടെ മോഡലുകൾ ജീവനക്കാരൻ എടുത്തുകൊണ്ടുവരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇത്തരത്തിൽ മാലകൾ എടുക്കാൻ ജീവനക്കാരൻ മാറിയ തക്കത്തിനാണ് സുബൈദ സ്വർണമാല കൈക്കലാക്കിയത്. തുടർന്ന് കയ്യിൽ കരുതിയ ബാഗിലേക്ക് സ്വർണമാല മാറ്റുകയായിരുന്നു. പിന്നീട് കുറച്ച് നേരം കൂടി മാലകൾക്കായി പരതിയ ശേഷം യാതൊരു സംശയവും തോന്നിപ്പിക്കാതെ സ്വർണം വാങ്ങാതെ അവർ ജൂവലറിയിൽ നിന്നു മടങ്ങി.

മാല കാണാതായതിനെ തുടർന്ന് ജൂവലറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്. ജൂവലറി ഉടമകൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപത്ത് നിന്നാണ് എസ്എച്ച്ഒ കെ.ടി.ശ്രീനിവാസനും സംഘവും പ്രതിയെ പിടികൂടിയത്. ഇവർ കാടാമ്പുഴ, വളാഞ്ചേരി എന്നിവിടങ്ങളിലെ ജൂവലറികളിലും മോഷണ ശ്രമം നടത്തിയിരുന്നതായി എസ്എച്ച്ഒ കെ.ടി.ശ്രീനിവാസൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here