വഴി ചോദിച്ച്‌ കാല്‍നടയാത്രക്കാരിയുടെ മാല പൊട്ടിച്ച സഹോദരന്മാര്‍ അറസ്‌റ്റില്‍

0


ആലപ്പുഴ: കാറിലെത്തി വഴിചോദിച്ച്‌ കാല്‍നടയാത്രക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ചുകടന്ന സഹോദരന്മാര്‍ അറസ്‌റ്റില്‍. അടൂര്‍ പള്ളിക്കല്‍ പഞ്ചായത്ത്‌ 11-ാം വാര്‍ഡ്‌ അഭിലാഷ്‌ ഭവനത്തില്‍ അഭിജിത്ത്‌ (22), അഭിലാഷ്‌ (28) എന്നിവരെയാണ്‌ മാരാരിക്കുളം പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ എ.വി. ബിജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്‌. പ്രതികളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ 10.30ന്‌ തിരുവിഴയിലായിരുന്നു സംഭവം. തിരുവിഴ ഓട്ടോകാസ്‌റ്റില്‍ ജോലി ചെയ്‌തിരുന്ന കഞ്ഞിക്കുഴി പഞ്ചായത്ത്‌ ഏഴാം വാര്‍ഡ്‌ ചാരമംഗലം കാര്‍ത്തുവെളി വീട്ടില്‍ സുരേഷ്‌ ബാബുവിന്റെ ഭാര്യ പ്രഭാവതി (65) യുടെ മാലയാണ്‌ കവര്‍ന്നത്‌.
തിരുവിഴ ഫ്രെഷ്‌ എന്‍ ഫൈന്‍ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം നടന്നുപോയ പ്രഭാവതിയോടു കാറില്‍വന്ന രണ്ടംഗ സംഘം ആദ്യം കായംകുളത്തേക്കും പിന്നീട്‌ മതിലകത്തേക്കുമുള്ള വഴി ചോദിച്ചു. മറുപടി പറയുന്നതിനിടെ മാലപൊട്ടിച്ചു. തടയാന്‍ ശ്രമിച്ച പ്രഭാവതിയെ ഉപദ്രവിച്ച ശേഷം സംഘം സ്‌ഥലംവിട്ടു.
സി.സി.ടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ പ്രതികളെത്തിയ കാര്‍ പത്തനംതിട്ട സ്വദേശിയുടെതാണെന്ന്‌ ബോധ്യമായി. എന്നാല്‍ വാഹനയുടമ അവിടെയല്ല താമസമെന്നു കണ്ടെത്തി. തുടര്‍ന്ന്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഉടമ വാടകയ്‌ക്കു താമസിക്കുന്ന വീയപുരത്തേക്ക്‌ അന്വേഷണം വ്യാപിപ്പിച്ചു. വൈകാതെ പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. കാര്‍ പ്രതികളുടെ പിതാവിന്റെ പേരിലുള്ളതായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here