കെഎസ്ആർടിസി നവീകരണം: ജർമ്മൻ ബാങ്ക് അധികൃതരുമായും ജർമ്മൻ എംബസിയുമായും മന്ത്രി ചർച്ച നടത്തി

0

തിരുവനന്തപുരം: കെഎസ്ആർടിസിയെ നവീകരിക്കുന്നതിന് ജർമൻ ബാങ്ക് ആയ കെ എഫ് ഡബ്ല്യു അധികൃതരുമായും ജർമ്മൻ എംബസിയുമായും മന്ത്രി ആന്റണി രാജു ഡൽഹിയിൽ ചർച്ച നടത്തി. ഓർഡിനറി, ഫാസ്റ്റ് പാസ്സഞ്ചർ ബസുകളെ പൂർണ്ണമായും വൈദ്യുതീകരിക്കുന്നതിന് വായ്‌പ അനുവദിക്കുന്നതിന് അവർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ആവശ്യമായ കൺട്രോൾ റൂമുകളും അനുബന്ധ നിയന്ത്രണ സോഫ്റ്റ്‌വെയറുകളും സ്ഥാപിക്കുന്നതിനുമുള്ള സാമ്പത്തിക സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ഡൽഹി ആസ്ഥാനമായ ഡി ഐ എം റ്റി എസ് നടത്തിയ പ്രാഥമിക സാധ്യതാ പഠന റിപ്പോർട്ട് കെ എഫ് ഡബ്ല്യൂവിന് കൈമാറി. ഇതിനുള്ള കേന്ദ്രസർക്കാരിന്റെ അനുമതി സംസ്ഥാന സർക്കാർ നേടുന്നതിന് മുന്നോടിയായി വിശദമായ ഡി പി ആർ തയ്യാറാക്കി നൽകും.

കെ എഫ് ഡബ്ല്യൂ തമിഴ്‌നാടിന് 10 വർഷത്തേക്ക് ഇത്തരത്തിൽ വായ്‌പ നൽകിയ മാതൃകയിൽ കേരളത്തിനും വായ്‌പ നൽകാൻ ബാങ്ക് തയ്യാറാണെന്ന് വ്യക്തമാക്കി. ലോൺ പുനഃഘടനയിലൂടെ പി പി പി മാതൃകയിൽ ബസ് ഡിപ്പോകൾ നിർമ്മിക്കുന്നതിനുള്ള സാധ്യതകൾ എസ് ബി ഐയുടെ കൺസൾട്ടൻസി വിഭാഗമായ എസ് ബി ഐ ക്യാപ്‌സുമായും ചർച്ച നടത്തി. മൂന്നു മാസം കൊണ്ട് നടപടികൾ പൂർത്തിയാക്കി 8 മാസം കൊണ്ട് പദ്ധതി നടപ്പാക്കാനാണ് ധാരണയായത്. വാണിജ്യ സമുച്ചയങ്ങളിലൂടെ കെഎസ്ആർടിസിയുടെ ഭൂമിയുടെ വരുമാനം വർദ്ധിപ്പിച്ച് വരവു ചെലവുകളിൽ ഇപ്പോഴുള്ള കമ്മി നികത്താനും സർക്കാർ ആശ്രയം കുറയ്‌ക്കാനുമാണ് ഉദ്ദേശിക്കുന്നത്.

ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സി എം ഡിയുമായ ബിജു പ്രഭാകർ, ജോയിന്റ് മാനേജിംഗ് ഡയറക്‌ടർ പ്രമോജ് ശങ്കർ, ഇന്ത്യയിലെ ജർമ്മൻ എംബസി ഇക്കോണമിക് കോ ഓപ്പറേഷൻ ആന്റ് ഡെവലപ്പ്മെന്റ് ഡിവിഷൻ ഹെഡ് യൂവേ ഗെലൻ, ജി ഐ എസ് കൺട്രി ഡയറക്‌ട‌‌ർ ഡോ. ജൂലി റെവിയർ, കെ എഫ് ഡബ്ല്യു സീനിയർ സെക്ഷൻ സ്പെഷലിസ്‌റ്റ് സ്വാതി ഖന്ന, എസ് ബി ഐ ക്യാപ്‌സ് സീനിയർ വൈസ് പ്രസിഡന്റ് എസ് വി പ്രസാദ് എന്നിവർ കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here