ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കം തുടരുന്നു ; ഒമ്പതു സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരില്ല ; എം.ജി.യിലെ വി.സി. പുനര്‍നിയമന ത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടി

0


കൊച്ചി: എം.ജി. സര്‍വകലാശാല വി.സിയായി സാബു തോമസിനു പുനര്‍നിയമനം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമോപദേശം തേടി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍, അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോടാണു നിയമോപദേശം തേടിയത്. ഇന്നു ഡല്‍ഹിയില്‍നിന്നു തിരിച്ചെത്തുന്ന ഗവര്‍ണര്‍ ഈയാഴ്ച തന്നെ തീരുമാനമെടുക്കുമെന്നാണു വിവരം.

ഡോ. സാബു തോമസിനു പുനര്‍നിയമനം നല്‍കണമെന്ന സര്‍ക്കാര്‍ ശിപാര്‍ശയില്‍ വിയോജിപ്പു പ്രകടിപ്പിച്ച ഗവര്‍ണര്‍, നിയമനത്തിനായി മൂന്നംഗ പാനലിനെ നിയോഗിക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. സര്‍വീസില്‍നിന്നു വിരമിച്ച കണ്ണൂര്‍ വി.സിയുടെ കാലാവധി നീട്ടി നല്‍കിയ നടപടി കോടതിയുടെ പരിഗണനയിലുള്ളതിനാല്‍, ഗവര്‍ണര്‍ക്കു പെട്ടെന്നു തീരുമാനമെടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്.വി.സിയുടെ കാലാവധി അവസാനിക്കുമ്പോള്‍ ആര്‍ക്കു ചുമതല നല്‍കണമെന്നു ഗവര്‍ണര്‍ സര്‍ക്കാരിനോടു ചോദിച്ചിരുന്നു.

ഇതിനു മറുപടിയായാണു സര്‍ക്കാര്‍ സാബു തോമസിന്റെ പുനര്‍നിയമനം ആവശ്യപ്പെട്ടത്. എം.ജി. സര്‍വകലാശാല ചട്ടപ്രകാരം വി.സിക്കു പ്രായപരിധി 65 ആയതിനാല്‍ പുനര്‍നിയമനത്തിനു സാധുതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കിയത്.

അതേസമയം പിരിച്ചുവിടലിനു ഗവര്‍ണര്‍ നോട്ടീസ് നല്‍കിയ വി.സിമാരില്‍ ഒരാളാണു സാബു തോമസ്. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനു സാബു തോമസ് മറുപടി നല്‍കിയിരുന്നു. ചട്ടങ്ങള്‍ പാലിച്ചു നടത്തിയ നിയമനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നു ചൂണ്ടിക്കാട്ടി സാബു തോമസ് സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണു തുടര്‍നടപടിയ്ക്കായി ഗവര്‍ണര്‍ നിയമോപദേശം തേടിയത്. സാങ്കതിക സര്‍വകലാശാല വിഷയത്തിലെ സുപ്രീംകോടതി വിധി എം.ജി. സര്‍വകലാശാലയ്ക്കും ബാധകമാണെന്നാണു ഗവര്‍ണറുടെ നിലപാട്.

അതേസമയം, ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കം തുടരുന്നതിനാല്‍, ഒമ്പതു സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരില്ല. കേരള, സാങ്കേതിക, എം.ജി., മലയാളം, ഫിഷറീസ്, നിയമം, കൃഷി, കലാമണ്ഡലം, കുസാറ്റ് സര്‍വകലാശാലകളിലാണു സ്ഥിരം വി.സിമാര്‍ ഇല്ലാത്തത്. സ്ഥിരം വി.സി. നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയിലേക്കു സര്‍വകലാശാലയുടെ പ്രതിനിധിയെ നിര്‍ദേശിക്കുന്നതു സര്‍ക്കാര്‍ തന്നെ വിലക്കിയിരിക്കുകയാണ്. ഗവര്‍ണര്‍ വിസിയെ നിയമിക്കാതിരിക്കാനാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here