രക്ഷപ്പെട്ട ചേലക്കര സ്വദേശി ജോര്‍ജ്‌ പറയുന്നു “ബെര്‍ത്തില്‍നിന്ന്‌ പലയിടത്തും തട്ടിതാഴെ വീണു; ദേഹമാകെ വേദനയാണ്‌”

0


ചേലക്കര: “ഇടിച്ചുമറിഞ്ഞ കോറമണ്ഡല്‍ എക്‌സ്‌പ്രസിന്റെ മധ്യഭാഗത്തുണ്ടായിരുന്ന ബി ത്രീ എ.സി. കോച്ചിലെ ബെര്‍ത്തില്‍നിന്നു പലയിടത്തും തട്ടിയാണ്‌ താഴെവീണത്‌. അതുമൂലം ദേഹമാസകലം വേദനയാണ്‌ ഇപ്പോള്‍. നാട്ടുകാരുടെയും സൈനിക ഉദ്യോഗസ്‌ഥരായ സഹയാത്രികരുടെയും സമയോചിതമായ ഇടപെടലാണ്‌ ബോഗിയില്‍നിന്നു വേഗം പുറത്തുകടക്കാന്‍ സഹായിച്ചത്‌”- ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട ചേലക്കര സ്വദേശിയായ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കളപ്പാറ തട്ടുംപുറത്ത്‌ കെ.യു. ജോര്‍ജ്‌ ഓര്‍മിക്കുന്നു.
സഹോദരനും സൈനിക ഉദ്യോഗസ്‌ഥനുമായ ജോയിയുടെ വിരമിക്കല്‍ ചടങ്ങ്‌ കഴിഞ്ഞ 31 നായിരുന്നു. അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ 26നാണ്‌ ജോര്‍ജും ജോയിയുടെ ഭാര്യ സരിതയും മകള്‍ ജെന്നയും കൊല്‍ക്കത്തയിലേക്കു പോയത്‌. വിരമിക്കല്‍ ചടങ്ങിനുശേഷം ജോയിയെയും കൂട്ടി നാട്ടിലേക്കു തിരിച്ചുവരുമ്പോഴായിരുന്നു ദുരന്തം.
“ഇരുട്ടു പരന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ഒന്നിന്‌ ഉച്ചകഴിഞ്ഞ്‌ 3.20നു ഷാലിമാറില്‍നിന്നാണു ട്രെയിനില്‍ കയറിയത്‌. അപകടത്തില്‍നിന്നു രക്ഷപ്പെട്ടു ബോഗിക്കു പുറത്തെത്തിയെങ്കിലും ലഗേജ്‌ എടുത്തിരുന്നില്ല. പിന്നീടു നാട്ടുകാരുടെ സഹായത്തോടെയാണ്‌ അവ കണ്ടെത്തിയത്‌. ഷാലിമാറില്‍നിന്നു ചെന്നൈ വരെ കോറമണ്ഡല്‍ എക്‌സ്‌പ്രസിലും ചെന്നൈ മുതല്‍ ഷൊര്‍ണൂര്‍ വരെ മറ്റൊരു ട്രെയിനിലുമായിരുന്നു ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തിരുന്നത്‌. അപകടത്തെത്തുടര്‍ന്നു റെയില്‍വേ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ചു. അതിലായി പിന്നീടുള്ള യാത്ര”-ജോര്‍ജ്‌ പറഞ്ഞു.
ജോയിയുടെ മകള്‍ ജെന്ന കോലഴി ചിന്മയ കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ്‌. കേരള കോണ്‍ഗ്രസ്‌ (ജോസഫ്‌) സംസ്‌ഥാന കമ്മിറ്റിയംഗംകൂടിയാണ്‌ ജോര്‍ജ്‌.

LEAVE A REPLY

Please enter your comment!
Please enter your name here