അരിക്കൊമ്പൻ വീണ്ടും ചിന്നക്കനാലിൽ എത്തുമോ? ഇനി പ്രശ്‌നമുണ്ടാക്കിയാൽ കുങ്കിയാനയാക്കുന്നത് പരിഗണനയിൽ

0

അരിക്കൊമ്പൻ വീണ്ടും ചിന്നക്കനാലിൽ എത്തുമെന്ന ആശങ്ക ശക്തം. തമിഴ്‌നാട്ടിൽ ജനവാസമേഖലയ്ക്ക് അരികെയാണ് അരിക്കൊമ്പൻ നിലവിലുള്ളത്. ഈ സാഹചര്യത്തിൽ മേഘമലയിൽ ബസ് സർവീസ് ഉൾപ്പെടെ നിർത്തി. ആന ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത് മതികെട്ടാൻ ചോലയ്ക്ക് എതിർവശത്തുള്ള വനമേഖലയിലാണ്. ആന ചിന്നക്കനാലിലേക്ക് മടങ്ങാനുള്ള ശ്രമമാണോ ഇതെന്ന ആശങ്കയും ഉയരുന്നുണ്ട്. പക്ഷേ അരിക്കൊമ്പന്റെ കാര്യത്തിൽ പ്രവചനം അസാധ്യമാണ്. അരിക്കൊമ്പൻ ഇനിയും ജനവാസ കേന്ദ്രത്തിലെത്തിയാൽ മയക്കുവെടി വച്ച് കുങ്കിയാനയാക്കാനാണ് സർക്കാർ തീരുമാനം.

കോടതിയെ ഇക്കാര്യം സർക്കാർ ബോധിപ്പിക്കും. മതികെട്ടാൻ ചോലയ്ക്ക് അടുത്തുള്ള ടൗൺ പ്രദേശങ്ങൾ ഉൾപ്പെടെ ഒട്ടേറെ ജനവാസ മേഖലകൾ കടക്കന്ന് മാത്രമേ ചിന്നക്കനാലിൽ അരിക്കൊമ്പന് എത്താൻ കഴിയൂ. ഇത് സാധ്യമല്ലാത്തതിനാൽ അത്തരം ഒരു സാഹചര്യം ഉണ്ടാവില്ല എന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. തമിഴ്‌നാട് കടുത്ത നിരീക്ഷണമാണ് നടത്തുന്നത്. ജനവാസ കേന്ദ്രത്തിൽ വീണ്ടും ആന പ്രശ്‌നമുണ്ടാക്കിയാൽ അവരും മയക്കു വെടി വ്ച്ച് ആനപരിപാലന കേന്ദ്രത്തിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നുണ്ട്.

നിലവിൽ ചിന്നമന്നൂരിൽ നിന്ന് മേഘമലയിലേക്കുള്ള റോഡിൽ വനം വകുപ്പിന്റെ തെൻപളനി ചെക് പോസ്റ്റിൽ നിന്ന് ആരെയും അകത്തേക്കു കടത്തിവിടുന്നില്ല. കേരളത്തിന്റെ വനാതിർത്തിയിൽ നിന്ന് 8 കിലോമീറ്ററോളം ദൂരേക്കു പോയ ആന തിരികെ പെരിയാറിലേക്കു വരുമോ എന്ന കാര്യത്തിലും സംശയമുണ്ട്. ഇവിടെ നിന്ന് മരിക്കാട് ഡാം വഴി ചിന്നമന്നൂരിന് സമീപമുള്ള എരിശക്കനായ്ക്കനൂരിൽ എത്താനുള്ള സാധ്യത ഉണ്ട്. ആന ഇവിടേക്ക് എത്തുന്നത് തടയാൻ തമിഴ്‌നാട് വനം വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

മേഘമല ജനവാസ കേന്ദ്രങ്ങളിൽ അരിക്കൊമ്പൻ ആക്രമണം നടത്തുന്നത് ജനങ്ങളെ ഭീതിപ്പെടുത്തുന്നതായി ചില മലയാള മാധ്യമങ്ങൾ നൽകിയ വാർത്ത അതേപടി ചില തമിഴ് മാധ്യമങ്ങളിലും വന്നത് പ്രശ്‌നം വഷളാക്കിയെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ. ഇതോടെ മേഘമലയിലേക്കുള്ള വിനോദസഞ്ചാരികളെ രണ്ടുദിവസമായി തമിഴ്‌നാട് അധികൃതർ തടഞ്ഞു. അതിർത്തി പങ്കിടുന്ന കടുവാ സങ്കേതങ്ങളായ പെരിയാർ കടുവാ സങ്കേതവും മേഘമല കടുവാ സങ്കേതവും യോജിച്ച പ്രവർത്തനങ്ങൾ നടത്തുന്നതിനിടയാണ് ഒരു വിഭാഗം മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്നതെന്നാണ് സർക്കാർ വിശദീകരണം.

അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ ജനവാസമേഖലയിൽ ഇറങ്ങിയിട്ടും അതിന്റെ കഴുത്തിലെ റേഡിയോ കോളറിൽനിന്നുള്ള സിഗ്‌നൽ ലഭിക്കാത്തതിൽ കേരള വനംവകുപ്പിനെ വിമർശിച്ച് തമിഴ്‌നാട് രംഗത്തു വന്നിരുന്നു. ആനയുടെ നീക്കങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ കഴിയാത്തത് പ്രദേശവാസികളെയും ഉദ്യോഗസ്ഥരെയും ആശങ്കയിലാക്കുന്നു. പെരിയാർ കടുവാസങ്കേതത്തിലെ ഉന്നത ഉദ്യോഗസ്ഥരെ തമിഴ്‌നാട് ഇതിനോടകം ആശങ്ക അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ജനവാസമേഖലകളിൽ അരിക്കൊമ്പന്റെ സാന്നിധ്യം കണ്ടതോടെ വിനോദസഞ്ചരികൾക്ക് ഇങ്ങോട്ടുള്ള യാത്രയ്ക്ക് തമിഴ്‌നാട് സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ ആന, ജനവാസമേഖലകളിലേക്ക് ഇറങ്ങാതിരുന്നത് ആശ്വാസമായി.

മേഘമലയ്ക്ക് സമീപം ഉൾക്കാട്ടിൽ ആന ഉണ്ടെന്ന നിഗമനത്തിലാണ് തമിഴ്‌നാട് വനംവകുപ്പ്. കഴിഞ്ഞ ദിവസം അരിക്കൊമ്പനെത്തിയ സ്ഥലങ്ങളെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. മേഘമല, ഹൈവേയ്‌സ്, മണലാർ, മേൽമണലാർ, വെണ്ണിയാർ, മഹാരാജാമെട്ട്, ഇരവിങ്കലാർ എന്നീ ഡിവിഷനുകളാണ് മേഘമല എസ്റ്റേറ്റിലുള്ളത്. ഈ പ്രദേശങ്ങളെല്ലാം വനത്തോടുചേർന്നതുമാണ്. കേരള അതിർത്തി കടന്ന് മേഘമലയിലെ കാട്ടിലെത്തിയ അരിക്കൊമ്പൻ രണ്ടു തവണ പെരിയാറിലേക്ക് തിരിച്ചെത്തിയെങ്കിലും മൂന്നാംതവണ മേഘമലയിൽ എത്തിയിട്ട് മടങ്ങുന്നില്ല. അരിക്കൊമ്പൻ തമിഴ്‌നാട് അതിർത്തിവിടുന്നതുവരെ മേഘമലയിൽ സഞ്ചാരികൾക്ക് നിയന്ത്രണമുണ്ടാകുമെന്ന് ചിന്നമന്നൂർ റേഞ്ച് ഓഫീസർ ശിവജി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here