എതിർകക്ഷിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന് ആരോപിക്കുന്ന കേസിൽ അഡ്വ സൈബി ജോസ് കിടങ്ങൂരിന് ആശ്വാസം; മുമ്പ് നൽകിയ പരാതി തള്ളിയത് അന്വേഷിക്കില്ലെന്ന് ബാർ കൗൺസിൽ

0


കൊച്ചി: കേസ് ഒത്തുതീർപ്പാക്കാനായി എതിർകക്ഷിയിൽനിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന് ആരോപിക്കുന്ന കേസിൽ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മുൻപ് നൽകിയ പരാതി തള്ളിയത് പുനഃപരിശോധിക്കണമെന്ന ആവശ്യം ബാർ കൗൺസിൽ തള്ളി.

ബാർ കൗൺസിൽ ഒരു തവണ തീരുമാനമെടുത്താൽ പിന്നെ മേൽഘടകത്തിൽ അപ്പീൽ നൽകാനേ നിയമം അനുവദിക്കുന്നുള്ളൂ എന്നതിനാലാണ് കോതമംഗലം സ്വദേശിയുടെ ആവശ്യം തള്ളിയത്. കുടുംബക്കോടതിയിലെ കേസ് ഒത്തുതീർപ്പാക്കാനായി ഭാര്യയുടെ അഭിഭാഷകനായിരുന്ന സൈബി തന്റെ പക്കൽനിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു പരാതി. 2013-ൽ ചേരാനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ അന്നുതന്നെ ബാർ കൗൺസിലിനും പരാതി നൽകിയിരുന്നു.

എതിർ കക്ഷിയുടെ അഭിഭാഷകനെതിരേയാണ് പരാതി എന്നത് കണക്കിലെടുത്ത് 2015-ൽ ബാർ കൗൺസിൽ ഇത് തള്ളി. എന്നാൽ, ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ സൈബി കക്ഷികളിൽനിന്ന് പണം വാങ്ങിയെന്ന പരാതി ഉയർന്നതിനു പിന്നാലെ മുൻ തീരുമാനം പുനഃപരിശോധിക്കണം എന്ന ആവശ്യം ഉന്നയിച്ച് കോതമംഗലം സ്വദേശി ബാർ കൗൺസിലിനെ വീണ്ടും സമീപിക്കുകയായിരുന്നു. ബാർ കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് കെ.എൻ. അനിൽകുമാർ അധ്യക്ഷനായി.

Leave a Reply