കരമന സജി കൊലക്കേസിൽ ഒന്നാം പ്രതിയായ അമ്മക്കൊരു മകൻ സോജു എന്ന അജിത് കുമാറിന് പ്രൊഡക്ഷൻ വാറണ്ട്

0

കരമന സജി കൊലക്കേസിൽ ഒന്നാം പ്രതിയായ അമ്മക്കൊരു മകൻ സോജു എന്ന അജിത് കുമാറിന് പ്രൊഡക്ഷൻ വാറണ്ട്. പ്രതിയെ ജൂൺ 2 ന് ഹാജരാക്കാൻ തിരുവനന്തപുരം ജില്ലാ കോടതി പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. വിചാരണ അന്തിമഘട്ടത്തിലെത്തി നിൽക്കവേയാണ് കോടതിയുടെ നിർണ്ണായക ഉത്തരവ്.

46-ാം സാക്ഷിയായ കുറ്റപത്രം സമർപ്പിച്ച അസി.കമ്മീഷണർ ജൂൺ 2ന് ഹാജരാകാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി പ്രസുൻ മോഹന്റേതാണുത്തരവ്. . കേസിൽ ഇതിനോടകം 45 സാക്ഷികളെ വിസ്തരിക്കുകയും 74 രേഖകളും പ്രതികൾ കൃത്യത്തിനുപയോഗിച്ച 22 തൊണ്ടി മുതലുകളും അക്കമിട്ട് തെളിവിൽ സ്വീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തിലെ പ്രബല ഗുണ്ടാ സംഘത്തലവന്മാരായ അമ്മക്കൊരു മകൻ സോജുവും ചൂഴാറ്റുകോട്ട അമ്പിളിയും തമ്മിലുള്ള കുടിപ്പകയിലാണ് 2012 ൽ കരമന സജി കൊല്ലപ്പെട്ടത്.

ജെറ്റ് സന്തോഷ് കൊലക്കേസിൽ വധശിക്ഷാ തടവുകാരനും 24 ക്രിമിനൽ കേസുകളിൽ പ്രതിയുമായ അമ്മക്കൊരുമകൻ സോജുവടക്കം 9 പ്രതികളാണ് സജി കൊലക്കേസിൽ വിചാരണ നേരിടുന്നത്. അമ്മക്കൊരു മകൻ സോജു എന്ന അജിത് കുമാർ , ഹരികുമാർ എന്ന രഞ്ജിത് , സാബു , നെടുങ്കാട് തളിയിൽ സ്വദേശി പുഞ്ചിരി വിനോദ് എന്ന വിനോദ് (29) , ചെണ്ട മനു എന്ന മനു , ചെത്ത് ഷാജി എന്ന ഷാജി , വെട്ട് അനി എന്ന അനിൽ കുമാർ , സതീഷ് കുമാർ , അജു എന്ന ഷെറിൻ എന്നിവരാണ് സജി കൊലക്കേസിൽ വിചാരണ നേരിട്ട 9 പ്രതികൾ.

2004 ൽ ജെറ്റ് സന്തോഷിനെ കൈകാലുകൾ വെട്ടിമാറ്റി മലയിൻകീഴ് ആലന്തറ കോളനിയിൽ 6 കഷണങ്ങളാക്കി മൃഗീയമായി കൊന്ന് ഓട്ടോറിക്ഷയിൽ തള്ളിയത് മുതൽ സിറ്റിയിലെ പ്രബല ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന സീരിയൽ കൊലപാതകങ്ങളുടെ ബാക്കിപത്രമാണ് സജി കൊലക്കേസ്.

സോജുവിന്റെ അളിയൻ മൊട്ട അനിയെ 2006 ൽ അമ്പിളിയുടെ സംഘം കൊലപ്പെടുത്തിയ വിരോധത്തിൽ ആ കൊലപാതക സംഘത്തലവനായ ചൂഴാറ്റു കോട്ട അമ്പിളിയുടെ ഒളിയിടം കാട്ടിക്കൊടുക്കാൻ അമ്പിളിയുടെ വലംകൈയായ സജിയെ 2012 സെപ്റ്റംബർ 6 ന് രാത്രി മുഴുവൻ പല സ്ഥലങ്ങളിൽ കൊണ്ടുപോയി അന്യായ തടങ്കലിൽ വെച്ച് വെട്ടിയും തുടയിലും മുതുകിലുമായി 9 കുത്തിയും വരഞ്ഞും മൃതപ്രായനാക്കി വിവരം ലഭിക്കാത്തതിനാൽ കൊന്ന് വെളുപ്പിന് നെടുങ്കാട് തള്ളിയെന്നാണ് കേസ്. സജിയെ തടങ്കലിൽ വക്കും മുമ്പ് അമ്പിളിയുടെ മറ്റൊരു സംഘാംഗമായ മണികണ്ഠനെ ശരീരമാസകലം കത്തി കൊണ്ട് വരഞ്ഞു റോഡിൽ തള്ളിയിരുന്നു.

മൊട്ട അനിയുടെ ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് ഭാര്യയെക്കൊണ്ട് ജെറ്റ് സന്തോഷിനെ 2004 ൽ കരമന വിളിച്ചു വരുത്തി ടാറ്റാ സുമോയിൽ തട്ടിക്കൊണ്ടു പോയി കൈ കാലുകൾ വിച്ചേദിച്ച് മൃഗീയമായി കൊലപ്പെടുത്തിയ ജെറ്റ് സന്തോഷ് കൊലക്കേസിൽ ഒന്നാം പ്രതിയായ സോജുവും ഏഴാം പ്രതിയായ ജാക്കി അനിയെന്ന അനിൽകുമാറും വധശിക്ഷക്ക് വിധിക്കപ്പെട്ട് മരണവാറണ്ടിൽ തടവറക്കുള്ളിൽ കഴിയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here