മതമേതായാലും പിതാവിൽനിന്നും വിവാഹ ചെലവിനായി ധനസഹായം ലഭിക്കാൻ പെൺമക്കൾക്ക് അവകാശമുണ്ടെന്നു ഹൈക്കോടതി

0

കൊച്ചി: മതമേതായാലും പിതാവിൽനിന്നും വിവാഹ ചെലവിനായി ധനസഹായം ലഭിക്കാൻ പെൺമക്കൾക്ക് അവകാശമുണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കി. പെൺമക്കളുടെ വിവാഹച്ചെലവു വഹിക്കാൻ പിതാവിന് കടമയുണ്ടെന്നും മതത്തിന്റെ പേരിൽ ഇത്തരമൊരു അവകാശം നിഷേധിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിവാഹച്ചെലവിനായി പിതാവ് നൽകാൻ പാലക്കാട് കുടുംബക്കോടതി നിർദേശിച്ച തുക കുറഞ്ഞു പോയെന്നാരോപിച്ച് ക്രിസ്ത്യൻ മതവിശ്വാസികളായ രണ്ട് പെൺമക്കൾ നൽകിയ ഹർജിയിലാണ് വിധി.

ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. പിതാവും മാതാവും തമ്മിലുള്ള വിവാഹബന്ധം തകർന്നതിനെ തുടർന്നു മാതാവിനൊപ്പം താമസിക്കുന്ന പെൺമക്കളാണ് ഹർജിക്കാർ. വിവാഹ ചെലവിനായി പിതാവിൽ നിന്ന് 45.92 ലക്ഷം രൂപ ലഭിക്കണമെന്നാവശ്യപ്പെട്ട് പെൺമക്കൾ കുടുംബക്കോടതിയെ സമീപിക്കുക ആയിരുന്നു. പിതാവിന്റെ പേരിലുള്ള ഭൂമി കൈമാറ്റം ചെയ്യുന്നതു തടയണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ച കുടുംബക്കോടതി 7.50 ലക്ഷം രൂപ സഹായം നൽകാൻ പിതാവിനോടു നിർദേശിച്ചു.

മക്കളുടെ വിദ്യാഭ്യാസച്ചെലവ് താൻ വഹിച്ചെന്നും ഭാര്യയ്ക്കു തന്നോടു ശത്രുതാ മനോഭാവമാണെന്നുമായിരുന്നു പിതാവിന്റെ വാദം. ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് നിയമപ്രകാരം അവിവാഹിതയായ ഹിന്ദു സ്ത്രീക്ക് പിതാവിൽ നിന്ന് വിവാഹച്ചെലവിന് അർഹതയുണ്ട്. മകളുടെ വിവാഹച്ചെലവ് വഹിക്കാൻ മുസ്ലിം പിതാവിന് ബാധ്യതയുണ്ടോയെന്ന വിഷയം ഹൈക്കോടതി മറ്റൊരു കേസിൽ പരിഗണിച്ചിരുന്നു. ഏതു മതത്തിലുള്ളയാളാണെങ്കിലും പിതാവിന് ഇത്തരത്തിൽ ഉത്തരവാദിത്തമുണ്ടെന്ന് അതിൽ കോടതി വ്യക്തമാക്കിയിരുന്നു.

ഈ ഉത്തരവിനോടു യോജിപ്പു പ്രകടിപ്പിച്ച ഡിവിഷൻ ബെഞ്ച്, വിവാഹത്തിന്റെ ന്യായമായ ചെലവ് പിതാവിൽനിന്നു ലഭിക്കാനുള്ള അവിവാഹിതയായ മകളുടെ അവകാശത്തിന് മതത്തിന്റെ വ്യത്യാസമില്ലെന്നു വ്യക്തമാക്കി. തുടർന്ന് ഹർജിക്കാരികൾക്ക് 15 ലക്ഷം രൂപ പിതാവു നൽകാൻ ഉത്തരവിട്ടു. മാതാവും പിതാവും തമ്മിലുള്ള കേസ് കോടതിയിൽ നിലവിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here