സ്വപ്‌നയ്‌ക്കു മറുപടിയില്ല; അവഗണിക്കാന്‍ നിര്‍ദേശം

0


കൊച്ചി : സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളോടു നേതാക്കള്‍ പ്രതികരിക്കേണ്ടതില്ലെന്നും അവഗണിക്കണമെന്നും സി.പി.എം. നിര്‍ദേശം. നിയമനടപടിയുമായി പാര്‍ട്ടി മുന്നോട്ടുപോകും.
അടുത്തിടെ, മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിക്കുമെതിരേ സ്വപ്‌ന ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. നേതാക്കള്‍ പ്രതികരിക്കുന്നതോടെ സ്വപ്‌ന പുതിയ ആരോപണങ്ങളുമായി രംഗത്തുവരുമെന്നും ഇതിന്‌ അവസരം നല്‍കേണ്ടെന്നുമാണു പാര്‍ട്ടി നിലപാട്‌.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു കടകംപള്ളി സുരേന്ദ്രനും ശ്രീരാമകൃഷ്‌ണനുമെതിരേ ആരോപണങ്ങളുമായി സ്വപ്‌ന രംഗത്തെത്തിയപ്പോള്‍ പാര്‍ട്ടി ഇതേ നിലപാടാണു സ്വീകരിച്ചത്‌. സ്വപ്‌നയ്‌ക്കു മറുപടി നല്‍കേണ്ടതില്ലെന്നായിരുന്നു ഇരുവര്‍ക്കുമുള്ള പാര്‍ട്ടി നിര്‍ദേശം. അതു പ്രയോജനം ചെയ്‌തു.
അതേസമയം, സ്വപ്‌നയുടെ ആരോപണത്തിനെതിരേ സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാനനഷ്‌ടത്തിനു വക്കീല്‍ നോട്ടീസ്‌ അയച്ചെങ്കിലും തുടര്‍നടപടിക്കു സാധ്യതയില്ല.
സിവില്‍, ക്രിമിനല്‍ കേസുകള്‍ നല്‍കാമെങ്കിലും സിവില്‍ കേസ്‌ നല്‍കാന്‍ കുറഞ്ഞതു പത്തു ശതമാനം തുക കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടതുണ്ട്‌. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ, എം.വി. ഗോവിന്ദന്‍ മാത്രമായി മാനനഷ്‌ട കേസിനുപോയാല്‍, മുഖ്യമന്ത്രിയ്‌ക്കു മാനനഷ്‌ടമില്ലേ എന്നാവും പ്രതിപക്ഷ ആരോപണമെന്നും പാര്‍ട്ടി വിലയിരുത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here